കോലഞ്ചേരി: മലമ്പനി നിവാരണപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്ന് തിരുവാണിയൂരിനെ മലമ്പനി മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. സർക്കാരിന്റെ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 2025 ഓടെ മലമ്പനി നിവാരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി തിരുവാണിയൂർ ആരോഗ്യവിഭാഗം ദീർഘ വീക്ഷണത്തോടെ സംഘടിപ്പിച്ച പ്രവർത്തനങ്ങളാണ് ഉദ്ദേശിച്ചതിലും നേരത്തേ നേട്ടം കൈവരിക്കാൻ സഹായിച്ചത്.
കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്കായുള്ള അമിത ജോലിഭാരവും, ജീവനക്കാരുടെ ഒഴിവുമൂലമുണ്ടായ പ്രവർത്തന വെല്ലുവിളികളും സമർത്ഥമായി മറികടന്നുകൊണ്ടാണ് മലമ്പനിനിവാരണത്തിന് സർക്കാർ നിർദ്ദേശിച്ച 21 ഇന പ്രവർത്തന മാനദണ്ഡങ്ങൾ തിരുവാണിയൂർ ആരോഗ്യവിഭാഗം വിജയകരമായി നടപ്പിലാക്കിയാണ് ലക്ഷ്യം കണ്ടത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പഞ്ചായത്ത് പരിധിയിൽ വച്ച് ഒരാൾക്കുപോലും മലമ്പനി രോഗാണുബാധ ഉണ്ടായിട്ടില്ല. ഒരു ദശകത്തിലേറെയായി ഇവിടെ മലമ്പനി മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. വാർഡുകൾതോറും പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരും ആശ പ്രവർത്തകരും ഉൾപ്പെട്ട പ്രത്യേക കർമ്മസേന രൂപീകരിച്ചാണ് രോഗനിവാരണം പ്രഖ്യാപിക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ട് മാസമായി ഊർജ്ജിതമായി നടന്നത്. മലമ്പനി രോഗാണു സാന്നിദ്ധ്യം പഞ്ചായത്തുപരിധിയിൽ നിലവിലില്ലെന്ന് ഉറപ്പാക്കുന്നതിനായി കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പഞ്ചായത്ത് പ്രദേശത്ത് ആകെയുള്ള 905 ഇതര സംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ച് സ്‌ക്രീനിംഗ് നടത്തുകയും, സംശയകരമായി വിലയിരുത്തിയ മുഴുവൻ പേരെയും തൊഴിലിടത്തിൽ വച്ച് രക്തപരിശോധനക്ക് വിധേയരാക്കുകയും ചെയ്തു. തിരുവാണിയൂരിനെ മലമ്പനി വിമുക്ത പഞ്ചായത്തായി പ്രസിഡന്റ് സി. ആർ. പ്രകാശ് പ്രഖ്യാപിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ സിന്ധു കൃഷ്ണകുമാർ അദ്ധ്യക്ഷയായി. മലമ്പനിനിവാരണ ലക്ഷ്യം നേടിയെടുക്കുന്നതിനായി പഞ്ചായത്തിൽ നടപ്പിലാക്കിയ കർമ്മപദ്ധതിയെക്കുറിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. കെ. സജി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, പഞ്ചായത്തംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ. എം. രാജലക്ഷ്മി, ഹെൽത്ത് സൂപ്പർവൈസർ കെ.ആർ. സുഗുണൻ, ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.