1

പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിൽ കെ. ജെ. മാക്സി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ വകയിരുത്തി പുനർനിർമ്മിക്കുന്ന എം.വി.രാമൻ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. നൂറോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന ഈ റോഡ് തകർന്നു കിടന്നിട്ട് നിരവധി വർഷങ്ങൾ പിന്നിട്ടിരുന്നു. കുറച്ചു മാസങ്ങൾക്ക് മുമ്പ് അക്യുന റോസ് എന്ന വിദ്യാർത്ഥിനി പൊതുമരാമത്ത് മന്ത്രിക്ക് കത്തയയ്ക്കുകയും ഫോൺ ഇൻ പ്രോഗ്രാമിൽ മന്ത്രി തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു. 20 വർഷങ്ങൾക്കു മുൻപാണ് ഈ റോഡ് മെയിന്റൻസ് ചെയ്തത്. കെ. ജെ. മാക്സി എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീജാ തോമസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.സഗീർ, പി.എ.പീറ്റർ, കെ.കെ.സുരേഷ് ബാബു, ജെയ്സൻ ടി. ജോസ്, സജീവ് ആന്റണി, സെൽജൻ കുറുപ്പശ്ശേരി, ജോൺസൻ വള്ളനാട്ട്, സി.ഡി.ജോസി എന്നിവർ പ്രസംഗിച്ചു.