പറവൂർ: പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നടന്നു. ചെറായി പുരുഷോത്തമൻ തന്ത്രിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയും ക്ഷേത്രം മേൽശാന്തി മൂത്തകുന്നം ജോഷി ശാന്തിയും മുഖ്യകാർമ്മികത്വം വഹിച്ചു. പുലർച്ചെ ബിംബം എഴുന്നള്ളിക്കൽ, കലശപ്രദക്ഷിണത്തിന് ശേഷമാണ് പുന:പ്രതിഷ്ഠ നടന്നത്. തുടർന്ന് ജീവകലശാഭിഷേകം, കലശപൂജയ്ക്കുശേഷം ഇന്ദ്രാണിപരിവാര പ്രതിഷ്ഠ നടന്നു.
ഇന്ന് രാവിലെ ബലിപീഠാദി പ്രായശ്ചിത്തം, കലശപൂജ, അർച്ചന, ധ്വജപുണ്യാഹം. നാളെ (തിങ്കൾ) രാവിലെ 8.30ന് വിശേഷാൽപൂജ, പഞ്ചപുണ്യാഹം, 9.30ന് കൊടിയേറ്റ് തുടർന്ന് എഴുന്നള്ളിപ്പ്, ശ്രീഭൂതബലി. തൈപ്പൂയ മഹോത്സവ ദിനമായ 18ന് പുലർച്ചെ 5 മുതൽ അഭിഷേകം. ആറോട്ട് മഹോത്സവദിനമായ 21ന് രാവിലെ 8ന് കാഴ്ചശ്രീബലി, വൈകിട്ട് 5.30ന് പകൽപ്പൂരം, രാത്രി 8ന് വിശേഷാൽപൂജ, ആറാട്ടുബലി, 8.30ന് കരിയമ്പിള്ളി കടവിൽആറാട്ട്, തിരിച്ചെഴുന്നള്ളിപ്പ്, പഞ്ചവിംശതി കലശാഭിഷേകത്തിനുശേഷം കൊടിയിറങ്ങും.