കൊച്ചി: ഇടപ്പള്ളി കനാൽ ജലഗതാഗതയോഗ്യമാക്കാൻ ലക്ഷ്യമിട്ട് കെ.എം.ആർ.എൽ പരിഷ്‌കരിച്ച പദ്ധതിരേഖ സംസ്ഥാന തീരദേശ പരിപാലന അതോറിട്ടിക്ക് സമർപ്പിച്ചു. രണ്ടുവർഷം മുൻപാണ് നഗരത്തിലെ ആറു കനാലുകൾ നവീകരിക്കുന്നതിനുള്ള ദൗത്യം സർക്കാർ കെ.എം.ആർ.എല്ലിനെ ഏൽപിച്ചത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടു. കിഫ്ബിയിൽ നിന്ന് ഫണ്ട് കണ്ടെത്തേണ്ട അവസ്ഥയും വന്നതോടെയാണ് പദ്ധതി ഇഴഞ്ഞത്.
പുതിയ പദ്ധതിരേഖ പ്രകാരം മാർക്കറ്റ് കനാലിനും ഇടപ്പള്ളി കനാലിനുമാണ് കെ.എം.ആർ.എൽ ഇപ്പോൾ പരിഗണന നൽകുന്നത്. ഇതിൽ ആദ്യം നവീകരണം നടത്തുക ഇടപ്പള്ളി കനാൽ ആയിരിക്കും. കനാൽ പൂർണമായി ഗതാഗതയോഗ്യമാക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനുള്ള സാങ്കേതിക സർവേകളും പഠനങ്ങളും ഇതിനോടകം പൂർത്തിയായി.
കൊച്ചി നഗരസഭയുടെ ഭാഗത്തു നിന്ന് ഇടപ്പള്ളി കനാൽ നവീകരിക്കുന്നതിനുള്ള എല്ലാ അനുമതികളും ഇതിനോടകം നൽകിയിട്ടുണ്ട്. തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതിയും ഉടൻ ലഭിച്ചേക്കും.
മറ്റ് കനാലുകളുടെ നവീകരണം ഘട്ടം ഘട്ടമായി പൂർത്തീകരിക്കാനാണ് കെ.എം.ആർ.എൽ ലക്ഷ്യമിടുന്നത്.
ഇടപ്പള്ളികനാൽ
നാല് പതിറ്റാണ്ട് മുൻപ് ചരക്കുവള്ളങ്ങളും വഞ്ചിയും ബോട്ട് സർവീസുമെല്ലാം ഉണ്ടായിരുന്ന കൊച്ചി നഗരത്തിലെ പ്രധാന ജലപാത. ഇന്ന് പഴയ വീതിയില്ല, ആഴമില്ല, പലയിടത്തും ജലാശയത്തിന് നടുവിലേക്ക് നീണ്ട നിർമ്മാണങ്ങൾ.
 1,528കോടി :കിഫ്ബി പുനരുദ്ധാരണ പദ്ധതി
 31മീറ്റർ വീതി : ജലഗതാഗതം പുനരാരംഭിക്കാൻ
 ആരംഭം :പെരിയാറിലെ മുട്ടാർ
 അവസാനം :ചമ്പക്കര കനാലിൽ ചിത്രപ്പുഴയ്ക്ക് സമീപം
 ദൂരം : 12 കിലോമീറ്റർ
 കടന്നുപോകുന്ന നഗരസഭകൾ: കൊച്ചി, കളമശേരി, തൃക്കാക്കര, ഏലൂർ
തുകലൻ കുത്തിയ തോട്
തുകലൻ എന്നയാൾ നിർമ്മിച്ചതിനാൽ ഇങ്ങനെയുമൊരു പേരുണ്ട്.
കൈയ്യേറ്റമൊഴിപ്പിക്കൽ വെല്ലുവിളി
ഇടപ്പള്ളി കനാലിന്റെ സ്ഥലം കൈയ്യേറിയുള്ള നിർമ്മാണമൊഴിപ്പിക്കലാണ് കെ.എം.ആർ.എല്ലിനും മറ്റുള്ളവർക്കുമുള്ള പ്രധാന വെല്ലുവിളി. കൈയ്യേറ്റം കണ്ടെത്തി അതിർത്തി തിരിച്ചു നൽകിയ അഞ്ച് ഏക്കറോളം ഭൂമി ഇപ്പോൾ കൊച്ചി നഗരസഭയുടെ കൈവശമില്ല. ഭൂമിയെല്ലാം, കൈവശം വച്ചിരുന്നവർക്കു നഗരസഭയറിയാതെ റവന്യുവകുപ്പ് പതിച്ചു നൽകി.
2009ൽ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. 24പേർക്കു നഗരസഭ നോട്ടീസ്. 10പേർ നോട്ടീസ് കൈപ്പറ്റിയില്ല.
2009ജൂണിൽ നഗരസഭാ നോട്ടിസ് പതിച്ചു. കൈവശഭൂമി നഷ്ടപ്പെട്ടവർ കേസിനുപോയി.
കേസ് പരിഗണനയിലിരിക്കെ റവന്യൂ അധികാരികൾ സ്ഥലം വീണ്ടും അളന്ന് കൈയ്യേറ്റമായി കരുതിയിരുന്നവ കക്ഷികൾക്കു തിരിച്ചുകൊടുത്തു.