കോലഞ്ചേരി: പുത്തൻകുരിശ് ടൗണിൽ ഗതാഗതക്കുരുക്ക്. അനധികൃത പാർക്കിംഗും സിഗ്‌നൽ സംവിധാനമില്ലാത്തതും മൂലം പുത്തൻകുരിശ് ടൗൺ ട്രാഫിക് കുരുക്കിൽ അമരുകയാണ്. ഒപ്പം ഇവിടെ ഗതാഗതം നിയന്ത്രിക്കാനും ആരുമില്ല. തിരുവാങ്കുളം,കോലഞ്ചേരി എന്നിവിടങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ കരിമുഗൾ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് തിരക്ക്. ഇൻഫോപാർക്കിലേക്കുള്ള വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് ഇവിടം കടന്നു പോവുന്നത്. രോഗികളുമായി പോകുന്ന അംബുലൻസും കുരുക്കിൽ പെട്ടുന്നത് സ്ഥിരം കാഴ്ച്ചയാണ്. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിലെ തിരക്കേറിയ ജംഗ്ഷനായ പുത്തൻകുരിശിൽ ട്രാഫിക് വാർഡന്റെ സേവനം പോലും ലഭ്യമല്ല. ഗതാഗത കുരുക്കിന് അടിയന്തിര പരിഹാരം കാണണമെന്ന് പുത്തൻകുരിശിലെ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.