app
എടത്തല കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ അനന്ദു ബാലചന്ദ്രനും ലിയോ പൗലോസും കുട്ടികളുടെ വിദ്യാഭ്യാസത്തെ സഹായിക്കുന്ന ആപ്പ് അവതരിപ്പിക്കുന്നു

ആലുവ: ഗോവയിൽ നടന്ന ഇന്ത്യൻ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ തിളങ്ങി മലയാളി വിദ്യാർത്ഥികൾ. എ.പി.ജെ അബ്ദുൽ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ വരുന്ന എടത്തല കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിലെ ഇന്നവേഷൻ കൗൺസിൽ കോ ഓർഡിനേറ്റർ ഡോ. സി.പി. സംഗീതയുടെ നേതൃത്വത്തിൽ രണ്ടാംവർഷ മെക്കാനിക്കൽ വിദ്യാർത്ഥി അനന്ദു ബാലചന്ദ്രനും നാലാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ലിയോ പൗലോസുമാണ് മത്സരിച്ചത്.

'ഓഗ്‌മെന്റെഡ് റിയാലിറ്റി' കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തെ സഹായിക്കുന്ന ആപ്പാണ് ഇവർ അവതരിപ്പിച്ചത്. നാലാംവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർത്ഥി അബ്ദുൽ ഹാഫിസാണ് ആപ്പ് വികസിപ്പിച്ചത്. എൻജിനിയറിംഗ് വിഭാഗത്തിൽ 12,000 മത്സരാർത്ഥികളിൽ നിന്ന് മികച്ച 200 അവതരണങ്ങൾക്കാണ് മത്സരിക്കാൻ അവസരം ലഭിച്ചത്. അതിൽനിന്ന് 50 മത്സരാർത്ഥികൾക്കാണ് ഗോവയിൽ നേരിട്ട് അവതരിപ്പിക്കാൻ അവസരമുണ്ടായത്. കോളേജ് ഡയറക്ടർ ഡോ. അമർ നിഷാദ്, വൈസ് പ്രിൻസിപ്പൽ ഡോ. രേഖ ലക്ഷ്മണൻ എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ചു.