മൂവാറ്റുപുഴ: ഇടുക്കി എൻജിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായ വിദ്യാർത്ഥി കുത്തേറ്റുമരിച്ച സംഭവത്തെതുടർന്ന് മൂവാറ്റുപുഴയിൽ നടന്ന സംഘർഷത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിട്ട കോൺഗ്രസ് കൗൺസിലറെ ആക്രമിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ചെയർമാൻ പി.പി .എൽദോസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ അമൽ ബാബുവിനാണ് മർദ്ദനമേറ്റത്. സി.പി.എം- കോൺഗ്രസ് സംഘർഷത്തെ തുടർന്ന് പൊലീസിനെ ആക്രമിച്ച കേസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങിയ അമലിനെ വെള്ളിയാഴ്ച്ച രാത്രിയാണ് കാറിലെത്തിയ ഏട്ടംഗ സംഘം വീടുകയറി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അമലിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അമലിനെ അകാരണമായി കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ആക്രമ സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് നഗരസഭ ചെയർമാൻ പി.പി .എൽദോസ് പറഞ്ഞു. പൊലീസ് സ്റ്റേഷന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ചെയർമാൻ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.