1

പള്ളുരുത്തി: ഇടക്കൊച്ചിയിലെ അനധികൃത പെട്രോൾ പമ്പ് നിർമ്മാണം നിറുത്തിവയ്ക്കാൻ നഗരസഭ ഉത്തരവ്. റോഡിനായി നഗരസഭ സ്ഥാപിച്ചിരുന്ന കൽത്തൂണുകൾ പിഴുതിമാറ്റി മതിൽ കെട്ടുകയും പ്രദേശത്ത് കോൺക്രീറ്റിംഗ് നടത്തുകയും ചെയ്തതിന് കൗൺസിലർ അഭിലാഷ് തോപ്പിൽ നല്കിയ പരാതിയെ തുടർന്നാണ് നടപടി. സെമിനാരി റോഡിന് സമീപം റോഡിൽ നിന്നും പടിഞ്ഞാറോട്ട് കായൽ തീരം വരെ നൂറുകണക്കിന് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പുതിയ റോഡ് നിർമ്മിക്കുന്നതിനുള്ള നടപടികൾ അക്വിസിഷൻ പൂർത്തീകരിക്കുന്നതിനായി കൗൺസിൽ നേരത്തെ തീരുമാനിച്ചിരുന്നു. റോഡിന് ഏറ്റെടുത്ത സ്ഥലം ഒഴിച്ചുള്ള പ്രദേശത്ത് കനോപ്പി നിർമാണത്തിന് സ്ഥലമുടമയ്ക്ക് നഗരസഭ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതിന്റെ മറവിൽ നടത്തിയ അനധികൃത നിർമ്മാണമാണ് നഗരസഭ ഇപ്പോൾ തടഞ്ഞിരിക്കുന്നത്. പ്രെട്രോൾ പമ്പ് നിർമ്മാണത്തിന് സ്ഥലമുടമ നേരത്തെ നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും കൗൺസിൽ എതിർപ്പിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. റോഡ് പൂർത്തീകരണത്തിനായി നാട്ടുകാർ സമർപ്പിച്ച ഹർജിയിൽ അടിയന്തരമായി നടപടികൾ പൂർത്തികരിച്ച് റോഡ് നിർമാണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.