1

 4,03,398 രൂപ കോൺഗ്രസ് വഹിക്കും

തൃക്കാക്കര: പി.ടി. തോമസ് എം.എൽ.എയുടെ മൃതദേഹം കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വച്ചതിന്റെ പേരിൽ തൃക്കാക്കര നഗരസഭ ചെലവിട്ട 4,03, 398 രൂപ കോൺഗ്രസ് പാർട്ടി തിരിച്ചടക്കും.

പുഷ്പങ്ങളും ഭക്ഷണവും വാങ്ങിയതിന്റെ പേരിൽ ചെലവഴിച്ച തുകയുടെ പേരിൽ ഇന്നലെ നഗരസഭാ കൗൺസിലിൽ നടന്ന ബഹളത്തെ തുടർന്നാണ് ചെയർപേഴ്സൺ അജിതാ തങ്കപ്പൻ ഇക്കാര്യം വ്യക്തമാക്കിയത്.

മൃതശരീരത്തിലോ മരണാനന്തര ചടങ്ങുകളിലോ പുഷ്പങ്ങൾ അർപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നായിരുന്നു പി.ടി. തോമസിന്റെ അന്ത്യാഭിലാഷം. ഇത് അക്ഷരംപ്രതി പാലിക്കപ്പെട്ടു. എന്നിട്ടും പുഷ്പങ്ങൾ വാങ്ങിയെന്ന കണക്ക് വന്നതാണ് ഇടതുപക്ഷം ചോദ്യംചെയ്തത്. നഗരസഭ ഒരുരൂപാപോലും ഇക്കാര്യത്തിന് ചെലവഴിച്ചില്ലെന്ന് ചെയർപേഴ്സൺ പറഞ്ഞപ്പോൾ അഡ്വാൻസായി രണ്ടുലക്ഷംരൂപ ബാങ്കിൽനിന്ന് എടുത്തതടക്കം 4,03,398 രൂപ കരാറുകാരന് കൈമാറിയാതായി തെളിയിക്കുന്ന രേഖകൾ പ്രതിപക്ഷം പുറത്തുവിട്ടു.

ഡിസംബർ 22, 23 തീയതികളിൽ ശവസംസ്കാര പ്രാരംഭചെലവുകൾ എന്നപേരിൽ ഒരുലക്ഷംരൂപാവീതം അഡ്വാൻസായി എടുത്തിരുന്നു. ജനുവരി 10ന് കരാറുകാരന് 4,03,398 രൂപ നൽകുകയും ചെയ്തു.

പ്രതിപക്ഷ ബഹളത്തെത്തുടർന്ന് കൗൺസിൽ കൂടാനാവാതെ പിരിഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്ലക്കാർഡും പൂക്കളുമായാണ് എൽ.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ഹാളിലെത്തിയത്. ചെയർപേഴ്സൻ അജിത തങ്കപ്പൻ മാദ്ധ്യമ പ്രവർത്തകരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു. ഇതിനെ എൽ.ഡി.എഫ് കൗൺസിലർമാരായ എം.ജെ. ഡിക്സൺ, ജിജോ ചങ്ങംതറ, പി.സി മനൂപ് എന്നിവർ എതിർത്തു. ഇതിന്റെ പേരിൽ യോഗം നിലച്ചു. തുടർന്ന് കൗൺസിലർമാർ ചെയർപേഴ്സന്റെ ഡയസിന് മുന്നിലിരുന്ന്‌ പ്രതിഷേധിച്ചു. പിന്നാലെ ചെയർപേഴ്സൻ യോഗം മാറ്റിയതായി പ്രഖ്യാപിച്ചു.

 എൽ.ഡി.എഫ് രാഷ്ട്രീയം കളിക്കുന്നു

ഉപതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽ.ഡി.എഫ് രാഷ്ട്രീയം കളിക്കുകയാണെന്ന് ചെയർപേഴ്സൻ അജിത തങ്കപ്പൻ പറഞ്ഞു. എൽ.ഡി.എഫ് കൗൺസിലർമാരുമായി ആലോചിച്ചാണ് നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വേണ്ട സൗകര്യം ഒരുക്കിയത്. ചെലവായ തുക കോൺഗ്രസ് പാർട്ടി വഹിക്കുമെന്നും അവർ വ്യക്തമാക്കി.