
കൊച്ചി: കേരള പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ കൊപ്പം ഐഫയ്ക്കും ഡോൺബോസ്‌കോ എഫ്.സിക്കും മിന്നും ജയം. കൊച്ചിയിൽ നടന്ന ബി ഗ്രൂപ്പ് മത്സരത്തിൽ ഡോൺബോസ്‌കോ ഫുട്‌ബാൾ അക്കാഡമി ഏകപക്ഷീയമായ ഒരുഗോളിനാണ് കോവളം എഫ്.സിയെ തോൽപ്പിച്ചത്. 52ാം മിനിറ്റിലെ സെൽഫ് ഗോൾ ഡോൺബോസ്‌കോയ്ക്ക് വിജയം സമ്മാനിച്ചു. വിക്ടർ ഫിലിപ്പാണ് കളിയിലെ താരം. കോവളം എഫ്.സിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യമത്സരത്തിൽ മുത്തൂറ്റിനോട് തോറ്റിരുന്നു.
കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന എ ഗ്രൂപ്പ് മത്സരത്തിൽ റിയൽ മലബാർ എഫ്.സിയെ ഒരുഗോളിനാണ് ഐഫ തോല്പിച്ചത്. 44ാം മിനിറ്റിൽ എ. അനൂപാണ് വിജയഗോൾ നേടിയത്. ലീഗിൽ ഐഫയുടെ ആദ്യജയമാണിത്. റിയൽ മലബാർ എഫ്.സിക്ക് തുടർച്ചയായ രണ്ടാം പരാജയവും. അനൂപ് കളിയിലെ താരമായി.
ഇന്ന് കേരള യുണൈറ്റഡ് - സായി (കൊച്ചി), പറപ്പൂർ എഫ്.സി - കേരള പൊലീസ് (കോഴിക്കോട്) മത്സരങ്ങൾ നടക്കും. കിക്കോഫ് വൈകിട്ട് 3.30ന്. മത്സരങ്ങൾ സ്‌പോർട്‌സ് കാസ്റ്റ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലും കാണാം.