
വൈപ്പിൻ: എളങ്കുന്നപ്പുഴ പെരുമാൾപ്പടിയിൽ ഒഴിഞ്ഞുകിടക്കുന്ന പറമ്പിലെ മണൽക്കൂനയിലെ കുഴിയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. പെരുമാൾപ്പടി വലിയവീട്ടിൽ ജോസഫിന്റെ (ഷാജി 51) മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. ഇരുകാലുകളും പുറത്തും ശരീരഭാഗം കുഴിക്കുള്ളിലുമായിരുന്നു. പട്ടി മാന്തിയുണ്ടാക്കിയ കുഴിയാണെന്ന് സംശയിക്കുന്നു.
മതിൽക്കെട്ടുള്ള പറമ്പിൽ ഇന്നലെ രാവിലെ തുണി ഉണക്കാനെത്തിയ സമീപവാസിയായ യുവതി മണൽക്കൂനയിലെ കുഴിയിൽ കാൽകണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മരപ്പണിക്കാരനാണ് ജോസഫ്. രാവിലെ വീട്ടിൽനിന്ന് ജോലിക്കുപോയതാണ്. എറണാകുളത്ത് നിന്ന് ജോലികഴിഞ്ഞ് രാത്രി 7.38ന് ഈ പറമ്പിനടുത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി ടി.വിയിൽ നിന്ന് പൊലീസ് കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാനാകൂ. മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് സംസ്‌കരിക്കും. ഭാര്യ: സീന. മക്കൾ: ആൽവിൻ, ഫൗസ്റ്റീന.
മുനമ്പം ഡിവൈ. എസ്.പി എസ്. ബിനു, ഞാറക്കൽ ഇൻസ്‌പെക്ടർ രാജൻ കെ.അരമന എന്നിവർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും എത്തിയിരുന്നു.