
നെടുമ്പാശേരി: വിഷം കലർന്ന പച്ചക്കറികൾ മലയാളികൾക്ക് നിരന്തരം ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നും പച്ചക്കറികൾക്കും മറ്റുമായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് അധിക കാലം തുടരാനാകില്ലെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
നെടുമ്പാശേരി ഫാർമേഴ്‌സ് ക്ളബ് ആരംഭിച്ച ജൈവ കലവറ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോന്നിയത് പോലെയുള്ള വിലക്കയറ്റം നമ്മുടെ സാമ്പത്തിക ഭദ്രതയെയും ബാധിക്കും. ആവശ്യമായ പച്ചക്കറികളെങ്കിലും ഇവിടെ ഉത്പാദിപ്പിക്കുകയെന്നതാണ് ശാശ്വതമായ പരിഹാരം. വിഷം കഴിക്കാൻ തയാറല്ലെന്ന് ഓരോരുത്തരും തീരുമാനമെടുക്കണം. വസ്ത്രത്തിലും വാഹനത്തിലും വീട് നിർമാണത്തിലുമെല്ലാം ഗുണമേൻമ ഉറപ്പാക്കുന്ന മലയാളികൾ ഭക്ഷണ കാര്യത്തിൽ ജാഗ്രത കാണിക്കുന്നില്ല. കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്കെല്ലാം വിത്തും തൈകളും നൽകാൻ കൃഷി വകുപ്പ് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, കെ.വി.വി.ഇ.എസ് മേഖലാ പ്രസിഡന്റ് സി.പി. തരിയൻ, ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് എ.വി. രാജഗോപാൽ, ജില്ലാ കൃഷി ഓഫിസർ ഇ.എം. ബബിത, കെ. വിജയൻ, കെ.ബി. സജി, സാലു പോൾ, പി.എൻ. രാധാകൃഷ്ണൻ, ഡേവീസ് മൊറേലി, പി.കെ എസ്‌തോസ്, ഷാജു സെബാസ്റ്റ്യൻ, പി.പി ശ്രീവത്സൻ, പി.ജെ. ജോയ്, ടി.എസ് ബാലചന്ദ്രൻ, ബൈജു ഇട്ടൂപ്പ്, വി.എ ഖാലിദ്, ഷാജി മേത്തർ, എൻ.എസ്. ഇളയത്, സുബൈദ നാസർ, ആനി റപ്പായി, ഷൈബി ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.