
കൊച്ചി: ഇന്ത്യയുടെ മുൻനിര റേസിംഗ് താരവും ഫോർമുല വൺ പ്രതീക്ഷയുമായ ജെഹാൻ ദാരുവാലയുമായി ഇറ്റലിയുടെ ഫോർമുല രണ്ട് ചാമ്പ്യൻമാരായ പ്രേമ റേസിംഗ് 2022 സീസണിലേക്ക് കരാറൊപ്പിട്ടു. മുംബയിൽ നിന്നുള്ള 23കാരൻ തുടർച്ചയായ മൂന്നാം വർഷവും റെഡ്ബുൾ ജൂനിയർ ടീമിന്റെ ഭാഗമായി തുടരും. നാല് തവണ ഫോർമുല വൺ ചാമ്പ്യനായ സെബാസ്റ്റ്യൻ വെറ്റൽ, നിലവിലെ ചാമ്പ്യൻ മാക്‌സ് വെർസ്റ്റപ്പൻ, റേസ് ജേതാക്കളായ ഡാനിയൽ റിക്കിയാർഡോ, പിയറി ഗാസ്ലി എന്നിവരെല്ലാം റെഡ്ബുൾ ടീമിലൂടെ എത്തിയവരാണ്. ഫോർമുല രണ്ട് ചാമ്പ്യൻഷിപ്പിൽ ഇതിനകം ഒന്നിലധികം വിജയങ്ങളും പോഡിയം ഫിനിഷിംഗുകളും ജെഹാൻ നേടിയിട്ടുണ്ട്.
2019ൽ പ്രേമ റേസിംഗിന്റെ ഭാഗമായിരുന്ന ജെഹാൻ ഫോർമുല 3 ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. ഈ വർഷത്തെ എഫ് രണ്ട് പരമ്പരയിൽ 14 റൗണ്ടുകളിലായി 28 റേസുകളാണ് ഉണ്ടാവുക. 2022 മാർച്ച് 18ന് ബഹ്‌റൈനിൽ സീസൺ ആരംഭിക്കും, 2022 നവംബർ 20ന് അബുദാബിയിലാണ് ഫൈനൽ. ഒരിക്കൽക്കൂടി പ്രേമയുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജെഹാൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.