കൊച്ചി: എറണാകുളം ഗവ. ലാ കോളേജിൽ എസ്.എഫ്‌.ഐയുടെ കൊടിമരവും പ്രചരണ സാമഗ്രികളും തകർത്ത സംഭവത്തിൽ കൊച്ചി കോർപ്പറേഷൻ വാത്തുരുത്തി ഡിവിഷൻ കോൺഗ്രസ് കൗൺസിലറും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ടിബിൻ ദേവസി അറസ്റ്റിൽ. സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഇയാളെ എറണാകുളം സൗത്തിൽ നിന്നാണ് സെൻട്രൽ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ, കെ.എസ്‌.യു കളമശേരി മണ്ഡലം പ്രസിഡന്റ് കെ.എം. കൃഷ്ണലാൽ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എസ്.എഫ്‌.ഐ ലാ കോളേജ് യൂണിറ്റ് പ്രസിഡന്റ് ഷനൂഫിന്റെ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞദിവസം പുല‌‌ർച്ചെ കോളജിന്റെ മതിൽചാടിക്കടന്ന് കാമ്പസിൽ പ്രവേശിച്ച ഇവർ പ്രചരണ സാമഗ്രികൾ തല്ലിത്തകർക്കുകയും കൊടിമരം പിഴതുമാറ്റുകയുമായിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ ഷാജഹാൻ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചു. കോളജിൽ അതിക്രമിച്ച് കയറിയതിനെതിരെ പ്രിൻസിപ്പൽ ബിന്ദു എം. നമ്പ്യാരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി.
ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എഫ്‌.ഐ ഏരിയാ കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി.