കൊച്ചി : സീറോ മലബാർസഭ സിനഡിന്റെ തീരുമാനത്തിനെതിരെ എറണാകുളം അതിരൂപതയിലെ ഒരുവിഭാഗം വൈദികരും വിശ്വാസികളും നടത്തിവരുന്ന നിരാഹാരസമരം തുടരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.

വൈദികരെ പ്രതിനിധികരിച്ചു ഫാ. ബാബുകളത്തിൽ ലിസി ഹോസ്പിറ്റലിലും ഫാ.ടോം മുള്ളൻചിറ എറണാകുളം ബിഷപ്പ് ഹൗസിലും മൗണ്ട് സെന്റ് തോമസിന്റെ മുന്നിൽ കഴിഞ്ഞ മൂന്ന് ദിവസമായി നിരാഹാരം തുടരുന്ന അല്മായ മുന്നേറ്റത്തിന്റെ അതിരൂപത സമിതി അംഗങ്ങളായ പ്രകാശ് പി. ജോൺ, തോമസ് കീച്ചേരി എന്നിവരും ഇന്നലെ വൈകിട്ടുമുതൽ നിരാഹാരം എറണാകുളം ബിഷപ്പ് ഹൗസിലേക്ക് മാറ്റി. അവിടെ അതിരൂപത സംരക്ഷണസമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയനും ഫാ. കുരിയാക്കോസ് മുണ്ടാടനും സമരനേതാക്കളെ മാലയിട്ട് സ്വീകരിച്ചു. നിരാഹാരം ലക്ഷ്യംകാണുംവരെ തുടരുമെന്നും വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികളുമായി മുഴുവൻ ഇടവകകളിലും വ്യാപിപ്പിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. ഇന്നലെ വൈകിട്ട് സിനഡ് കഴിഞ്ഞു പുറത്തേക്കു വന്ന മുഴുവൻ മെത്രാന്മാരെയും അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ കരിങ്കൊടി വീശി ഉപരോധിച്ചു. രാവിലെ പൊലീസിന്റെ സഹായത്തോടെ നിരാഹാരസമര പന്തൽ പൊളിച്ചുനീക്കി വിശ്വാസികളുടെ പ്രതിഷേധം തകർക്കാൻ നോക്കിയെങ്കിലും വിഫലമായി. മൗണ്ട് സെന്റ് തോമസിന് മുന്നിലെ ഉപരോധത്തിനും നിരാഹാരത്തിനും പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ്, അല്മായ മുന്നേറ്റം കൺവീനർ അഡ്വ.ബിനു ജോൺ, വിജിലൻ ജോൺ, ജോഷി തച്ചപ്പിള്ളി, ബോബി മലയിൽ, ജോമോൻ തോട്ടാപ്പിള്ളി, റിജു കാഞ്ഞൂക്കാരൻ, ജോജോ ഇലഞ്ഞിക്കൽ, പ്രകാശ് പി. ജോൺ, പാപ്പച്ചൻ ആത്തപ്പിള്ളി, ജൈമി, ജയ്‌മോൻ, ജോൺ കല്ലൂക്കാരൻ, ജോയി മൂഴിക്കുളം എന്നിവർ നേതൃത്വം നൽകി.