k-rail

കോലഞ്ചേരി: മുപത്തിരണ്ടു വർഷം മുമ്പ് തൃപ്പൂണിത്തുറ ബൈപ്പാസ് പ്രഖ്യാപിച്ചതു മുതൽ തിരുവാണിയൂർ, തിരുവാങ്കുളം മേഖലകളിലെ ജനജീവിതം സ്തംഭിച്ചു. സ്ഥലമേ​റ്റെടുപ്പിനായി സർവേക്കല്ലിട്ടു. കുറച്ചുപേർക്ക് നഷ്ടപരിഹാരം നൽകി. വർഷമേറെയായിട്ടും പദ്ധതിയുടെ കാര്യത്തിൽ മാത്രം നീക്കുപോക്കില്ല. ഇവിടെ സ്ഥാപിച്ച കല്ലുകൾ നോക്കുകുത്തിയായി നില്ക്കുമ്പോൾ കെ. റെയിലിനായി കല്ലിട്ടതോടെ ഇവരുടെ ജീവിതം വീണ്ടും ദുരിതത്തിലായി.

കല്ലിട്ടഭൂമി വിൽക്കാനോ കെട്ടിടം നിർമ്മിക്കാനോ ഇവ‌‌ർക്ക് കഴിയുന്നില്ല. കുട്ടികളുടെ പഠനത്തിനായി ബാങ്ക് വായ്പയും കിട്ടുന്നില്ല.

തൃപ്പൂണിത്തുറ ബൈപാസിനായി നാല് ഹെക്ടറോളം സ്ഥലത്താണ് കല്ലുകൾ സ്ഥാപിച്ചത്. ഈ ഭൂമിക്ക് തൊട്ടടുത്ത് കെ. റെയിലിന്റെ ഒമ്പത് കല്ലുകൾ നാട്ടിയത്. ഈ ഭാഗത്തു നിന്നും 500 മീറ്റർ മാറി കുണ്ടന്നൂർ അങ്കമാലി ആറുവരി പാതക്കും സർവേ നടത്തി. ഇതിനു രണ്ടിനും മദ്ധ്യയാണ് കെ. റെയിൽ. തിരുവാണിയൂർ പഞ്ചായത്തിലെ വെട്ടിക്കൽ, മാമല വാർഡുകളിലൂടെയാണ് കെ റെയിൽ കടന്നു പോകുന്നത്. വെട്ടിക്കൽ മലയും ഇതിനായി ഇടിച്ചു നിരത്തേണ്ടി വരും. ജല സമൃദ്ധമായ പ്രദേശമായ ഇവിടെ പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് കല്ലുകൾ സ്ഥാപിച്ചതെന്നും ആക്ഷേപമുണ്ട്.

തൃപ്പൂണിത്തുറ ബൈപാസിനു വേണ്ടി വർഷങ്ങൾക്ക് മുമ്പ് സ്ഥലം ഏ​റ്റെടുത്തെങ്കിലും നിർമ്മാണ പ്രവർത്തികൾ ഇനിയും ആരംഭിച്ചിട്ടില്ല. മ​റ്റക്കുഴി, തിരുവാങ്കുളം ഭാഗങ്ങളിലെ പല സ്ഥലങ്ങളിലും അളന്നു തിരിച്ചു കു​റ്റി അടിച്ചു പോയി. സർവേ കല്ലുകൾ സ്ഥാപിച്ചതിനാൽ വീട് പുതുക്കിപ്പണിയാവുന്നില്ല.

ബൈപാസ് നിർമ്മാണത്തിനായി ആദ്യഘട്ടത്തിൽ മ​റ്റക്കുഴി, തിരുവാങ്കുളം റെയിൽവെ ലൈൻ വരെയുള്ള ഭാഗത്തെ 16.172 ഹെക്ടർ ഭൂമിയാണ് വേണ്ടത്. എന്നാൽ ഈ ഭാഗത്ത് 4.4312 ഹെക്ടർ സ്ഥലം മാത്രമാണ് ഏ​റ്റെടുത്തിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ തിരുവാങ്കുളം റെയിൽവേ ലൈൻ മുതൽ തൃപ്പൂണിത്തുറ മിനി ബൈപാസ് വരെയുള്ള ഭൂമി ഏ​റ്റെടുക്കണം ഇപ്പോഴുള്ള എസ്​റ്റിമേ​റ്റ് പ്രകാരം ഏകദേശം 1005 കോടി രൂപ ഭൂമി ഏ​റ്റെടുക്കുന്നതിനും പദ്ധതി 350 കോടി രൂപ റോഡ് നിർമ്മാണത്തിനുമായിട്ടാണ് ചിലവഴിക്കേണ്ടത്.

 16.172 ഹെക്ടർ ഭൂമി വേണം

 4.4312 ഹെക്ടർ സ്ഥലം ഏറ്റെടുത്തു

 1005 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ ചെലവാക്കി

 350 കോടി രൂപ റോഡ് നി‌ർമ്മാണത്തിന് ചെലവാകും