കൊച്ചി: ചെന്നൈയിലേക്ക് കൊറിയർ വഴി ലഹരി കടത്തുന്ന ശ്രീലങ്കൻ മാഫിയയുടെ പ്രധാന ഇടനിലക്കാരൻ കോഴിക്കോട് സ്വദേശി.
ചെന്നൈ കസ്റ്റംസിന്റെ അന്വേഷണത്തിലാണ് മദ്ധ്യവയസ്കനും സമ്പന്ന കുടുംബാംഗവുമായ ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാൾ ഡൽഹിയിലേക്ക് കടന്നതായാണ് വിവരം.
കാക്കനാട് ലഹരിക്കേസ് പ്രതികൾക്ക് ലഭിച്ച മയക്കുമരുന്ന് സ്പെയിനിൽ നിന്ന് എത്തിച്ചതായിരുന്നു. ശ്രീലങ്കയിൽ സ്ഥിരതാമസക്കാരനായ തമിഴ്നാട് സ്വദേശിയാണ് കടത്തിന്റെ ആസൂത്രകൻ. മയക്കുമരുന്ന് ചെന്നൈ വിമാനത്താവളത്തിൽ കൊണ്ടുവന്ന ശേഷം കാർഗോ ഏജൻസികളുടെ ഒത്താശയോടെ പുറത്തെത്തിക്കും.
യൂറോപ്പിൽ നിന്നുള്ള ലഹരിക്കടത്ത് ചെന്നൈ കസ്റ്റംസ് പ്രത്യേകം കേസെടുത്താണ് അന്വേഷിക്കുന്നത്. കാക്കനാട് കേസിൽ എക്സൈസ് പിടികൂടിയവരിൽ മൂന്ന് പേരെ ചെന്നൈയിലെത്തിച്ച് കസ്റ്റംസ് തെളിവെടുത്തിരുന്നു. മൊഴിയും രേഖപ്പെടുത്തി.
 ട്രിപ്ലിക്കേൻ സ്വദേശി മുങ്ങി
ശ്രീലങ്കയിൽ താമസിക്കുന്ന തമിഴ്നാട്ടുകാരന്റെ ഇടനിലക്കാരനായ ചെന്നൈ ട്രിപ്ലിക്കേൻ സ്വദേശിയെ കണ്ടെത്താനായില്ല. കുടുംബസമേതം ശ്രീലങ്കയിലേക്ക് മുങ്ങിയതായാണ് വിലയിരുത്തൽ. പലവട്ടം ഇയാൾ ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ട്. നിരവധി ശ്രീലങ്കൻ കോളുകൾ ഇയാളുടെയും അറസ്റ്റിലായവരുടെയും ഫോണുകളിലേക്ക് എത്തിയിട്ടുണ്ട്.