കൊച്ചി: സീറോമലബാർ സഭയിൽ ഏകീകൃത കുർബാനക്രമം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി സർക്കുലർ പുറപ്പെടുവിച്ചു.
സഭയുടെ 35 രൂപതകളിൽപ്പെട്ട എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരണമെന്നാവശ്യപ്പെട്ട് പുരോഹിതരും അൽമായരും സമരം ശക്തമാക്കിയ ഘട്ടത്തിലാണ് സഭ നിലപാട് കർക്കശമാക്കുന്നത്.
ജനുവരി 7 മുതൽ 15 വരെ കാക്കനാട് സഭാ ആസ്ഥാനത്ത് നടന്ന സിനഡിന് ശേഷമാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലർ. മറ്റു നിർദേശങ്ങളും ഉൾപ്പെടുന്ന സർക്കുലർ ജനുവരി 30ന് പള്ളികളിൽ വായിക്കും.
ജനാഭിമുഖ കുർബാന തുടരാൻ അതിരൂപതയ്ക്ക് നവംബർ 27ന് നൽകിയ ഇളവ് സഭാ നിയമപ്രകാരം നിലനിൽക്കില്ലെന്നും ഏകീകൃത കുർബാനക്രമം നടപ്പാക്കണമെന്നും വത്തിക്കാൻ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ മാറ്റം വരുത്താൻ വ്യക്തികൾക്കോ രൂപതകൾക്കോ അവകാശമില്ല. നിർബന്ധബുദ്ധി ഉപേക്ഷിച്ച് ഏകീകൃത കുർബാനക്രമം അംഗീകരിക്കാൻ തയ്യാറാകണം - സർക്കുലറിൽ കർദ്ദിനാൾ അഭ്യർത്ഥിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ ചില പ്രതിനിധികൾ സഭയുടെ അച്ചടക്കത്തിനു നിരക്കാത്ത രീതികൾ പലവേദികളിലും പ്രകടമാക്കുന്നതിൽ ദുഃഖമുണ്ട്.
അഭിപ്രായ വ്യത്യാസം തെരുവുകലാപമാക്കാൻ ശ്രമിക്കുന്നത് സഭാവിരുദ്ധ ശക്തികളാണ്. മെത്രാൻമാർ പരിഷ്കരിച്ച കുർബാന മാത്രമേ അർപ്പിക്കാവൂ. അതിനുള്ള സൗകര്യങ്ങൾ വികാരിമാർ ഒരുക്കണം.
ഏകീകൃത കുർബാന നടപ്പായാൽ ജപമാലയുൾപ്പെടെയുള്ളവ നിറുത്തലാക്കുമെന്നും തിരുസ്വരൂപങ്ങളും നൊവേനകളും തിരുനാളാഘോഷങ്ങളും നിരോധിക്കുമെന്നും മറ്റുമുള്ള വ്യാജപ്രചാരണം വിശ്വസിക്കരുതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
സിനഡ് തീരുമാനങ്ങൾ
ഇന്ത്യയിൽ നിന്നുള്ള ആദ്യ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഫ്രാൻസിസ് മാർപാപ്പ 2022 മേയ് 15ന് വിശുദ്ധനായി പ്രഖ്യാപിക്കും.
2022 ജൂലായ് 3ലെ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് മാർത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം ആഘോഷിക്കും.
രാഷ്ട്രഭാഷയായ ഹിന്ദി സെമിനാരികളിൽ അനിവാര്യമായ പഠനവിഷയം.
പശ്ചിമഘട്ട സംരക്ഷണത്തിന് കേരള സർക്കാർ കർഷകരുമായി കൂടിയാലോചിച്ച് പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളുടെ പരിഷ്കരിച്ച മാപ്പ് തയ്യാറാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കണം.
തലശ്ശേരി അതിരൂപതയിലെ ബൈബിൾ പണ്ഡിതൻ ഫാ. മൈക്കിൾ കാരിമറ്റത്തിന് മല്പാൻ പദവി നൽകി ആദരിക്കും.