മഞ്ഞപ്ര: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെയും ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസംഘങ്ങളുടെയും നേതൃത്വത്തിൽ ബ്ലോക്ക് ക്ഷീരോത്സവം ചന്ദ്രപ്പുര ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ മഞ്ഞപ്ര പുത്തൻപിള്‌ളി പാരീഷ് ഹാളിലും ഗ്രൗണ്ടിലും വച്ച് നടത്തുമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസികുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
18 ന് രാവിലെ ക്ഷീരസംഗമം അങ്കമാലി എം.എൽ.എ റോജി എം.ജോൺ ഉദ്ഘാടനം ചെയ്യും. ആലുവ എം.എൽ.എ അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസികുട്ടി അദ്ധ്യക്ഷത വഹിക്കും. 17 ന് കന്നുകാലി പ്രദർശനം ഏറ്റവും നല്ല പശു, ഏറ്റവും നല്ല കിടാരി, ഏറ്റവും നല്ല കിടാവ് എന്നിവയുടെ മത്സരം രാവിലെ 8 മണിക്ക് മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ സാജൻ ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന സെമിനാർ, ഡയറി ക്വിസ് ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകരെ ആദരിക്കൽ, ഏറ്റവും പ്രായംചെന്ന സംഘം പ്രസിഡന്റിനെ ആദരിക്കൽ എന്നിവ ഇതോടൊപ്പം നടക്കും.
അവാർഡ് ദാനങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡെപ്യൂട്ടി ഡയറക്ടർ ബിന്ദുമോൻ പി.പി, അങ്കമാലി മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, മിൽമ ചെയർമാൻ ജോൺ തെരുവത്ത്, ചന്ദ്രപ്പുര സംഘം പ്രസിഡന്റ് സണ്ണി പി.വൈ, അങ്കമാലി ക്ഷീരവികസന ഓഫീസർ അജിമോൾ കെ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ അനിമോൾ ബേബി, ശാരദ മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റെ എം.ഒ. ജോർജ്ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജിനി രാജീവ്, എം.പി ആന്റണി, ജോമോൻ പി.യു, സെബി കിടങ്ങേൻ, ഗ്രേസി ദയാനന്ദൻ, ലതിക ശശികുമാർ, പോൾ പി. ജോസഫ്, സരിത സുനിൽ ചാലായ്ക്ക, നിഷ വി. ഷെറിൻ, വൽസലകുമാരി വേണു,ഷിജി ജോയി, മനോജ് മുല്ലശേരി, സിജോ ചൊവ്വരാൻ, മഞ്ഞപ്ര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് പി.ഡി. പൗലോസ്, ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ ചാക്കോച്ചൻ മറ്റു സർവ്വീസ് സഹകരണം സംഘം പ്രസിഡന്റുമാർ, ക്ഷീരസംഘം പ്രസിഡന്റുമാർ, ക്ഷീരകർഷകർ തുടങ്ങിയവർ ഈ ക്ഷീരസംഗമത്തിൽ പങ്കെടുക്കും. അങ്കമാലി നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ നിന്നും കാഞ്ഞൂർ പഞ്ചായത്ത്, അങ്കമാലി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലുള്ള 34 ക്ഷീരസംഘങ്ങളാണ് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഈ സംഗമത്തിൽ പങ്കെടുക്കുന്നത്.