ആലുവ: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ എറണാകുളം റൂറൽ ജില്ലയിൽ 18 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. വീടുകളിലും സ്ഥാപനങ്ങളിലുമായാണ് റെയ്ഡ് നടന്നത്. ഇവരിൽ നിന്ന് 18 മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കുട്ടികൾ ഉൾപ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്.
ജില്ലാ പോലിസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ സൈബർ ഡോം, സൈബർ സെൽ, സൈബർ സ്റ്റേഷൻ, പൊലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തുന്നത്. പുലർച്ചെ തുടങ്ങിയ റെയ്ഡ് ഇന്നലെ വൈകിയും തുടരുകയാണ്. സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടക്കുമെന്ന് എസ്.പി പറഞ്ഞു.