
വൈപ്പിൻ: കനിവ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിന്റെ വൈപ്പിൻ ഏരിയ കനിവ് സംഗമം എടവനക്കാട് എസ് .എൻ. സംഘം ഓഡിറ്റോറിയത്തിൽ കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് നഴ്‌സ് ഷിജി സാജുവിനെ ആദരിച്ചു. 60 രോഗികൾക്ക് പാലിയേറ്റിവ് ഉപകരണങ്ങളും ബെഡ്ഷീറ്റുകളും നൽകി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ചികിത്സാസഹായം കഴിയുന്നത്ര പേർക്ക് എത്തിക്കാൻ പാലിയേറ്റിവ് സംഘടനകൾ ശ്രമിക്കണമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനു എല്ലാവിധ സഹായസഹകരണങ്ങളും ലഭ്യമാക്കുന്നതിന് ഓഫീസിൽ സംവിധാനമുണ്ട്. മൂന്നുലക്ഷം രൂപവരെയുള്ള ചികിത്സാസഹായധനം ഇതിനകം നിരവധിപേർക്ക് എം.എൽ.എ. ഓഫീസ് മുഖേന ലഭ്യമാക്കിയതായും കെ. എൻ. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
കനിവ് എടവനക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിന്ദു ബെന്നി അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മഹിത സേവ്യർ പാലിയേറ്റിവ് കെയർ സംബന്ധിച്ച് ക്ലാസെടുത്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ കനിവ് ഏരിയ സെക്രട്ടറി കെ. എ. സാജിത്ത് പാലിയേറ്റിവ് സന്ദേശം നൽകി. കെ. ജെ. ആൽബി, റംലത്ത് ജമാൽ കെ. എക്‌സ്. ഷിജോയ് എന്നിവർ പ്രസംഗിച്ചു.