
ആലുവ: കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ സ്മരണകളുമായി മഹിളാലയം പച്ചമാമ ഹെറിറ്റേജ് ആർട്ട് കഫേ മ്യൂസിയത്തിൽ ചിത്രപ്രദർശനവും കാരിക്കേച്ചർ ഷോയും ആരംഭിച്ചു. ചടങ്ങിൽ പങ്കെടുത്ത 11 പ്രമുഖ പ്രക്തികൾ ചേർന്നാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്.
കാരിക്കേച്ചർ ഷോ മൺമറഞ്ഞ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ മകൻ ഫനാൻ ബാദുഷ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗസൽ ഖവാലിയും അരങ്ങേറി. പരിപാടിയിൽ പങ്കെടുക്കുന്നവർക്കെല്ലാം കാരിക്കേച്ചർ വരച്ച് നൽകിതിലൂടെ ലഭിച്ച തുക കലാകാരൻ ലിനു ചക്രപാണിയുടെ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന ഭാര്യയുടെ ചികിത്സക്കായി കൈമാറി. കോമുസൺസ്, പച്ചമാമ ഗാലറിയുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മുഖ്യസംഘാടകൻ ആസിഫ് അലി കോമു, പച്ചമാമ ഗാലറി ഡയറക്ടർമാരായ സഹദ് സഗീർ, ടി.എൻ.എം. ജിയാസ് എന്നിവർ നേതൃത്വം നൽകി.