sajivan

കൊച്ചി: കൂടുതൽ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന പുതിയ ഇനം ബാക്ടീരിയയെ ഉത്തരധ്രുവ ആർട്ടിക് സമുദ്രമേഖലയിൽ കണ്ടെത്തി കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഗവേഷണ സംഘം. കുസാറ്റും നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചും ചേർന്നായിരുന്നു ഗവേഷണം. ആർട്ടിക്കിലെ കോംഗ്സ്‌ഫോർഡൻ എന്ന ജലാശയത്തിലെ അടിമണ്ണ് ശേഖരിച്ചാണ് ബാക്ടീരിയയെ വേർതിരിച്ചെടുത്തത്.

നാലു വർഷത്തോളം ഗവേഷണം നീണ്ടു. ബാക്ടീരിയയ്ക്ക് റൊസീട്രാൻക്വിലിസ് സെഡിമെനിസ് എന്ന് പേരിട്ടു. കുസാറ്റിനു കീഴിലുള്ള സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തിലെ അസോഷ്യേറ്റ് പ്രൊഫസർ ഡോ. ടി.പി. സജീവനാണ് പ്രിൻസിപ്പൽ ഇൻവിസ്റ്റിഗേറ്റർ. ഇദ്ദേഹത്തിന്റെ ഗവേഷണ ഗൈഡ് കുസാറ്റിലെ പ്രൊഫസർ റോസമ്മയോടുള്ള ബഹുമാനാർത്ഥമാണ് ഈ പേര്. ഗവേഷണഫലം രാജ്യാന്തര ജേർണൽ 'ആന്റണി വാൻ ലീവൻഹോക്കിൽ' പ്രസിദ്ധീകരിച്ചു.

ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിലെ ഡോക്ടർ കെ.പി. കൃഷ്ണനും ഗവേഷണത്തിൽ സഹകരിച്ചു. സൂക്ഷ്മജീവിയിൽ നിന്നു വേർതിരിച്ച സംയുക്തത്തിൽ കൂടുതൽ ഗവേഷണം നടത്തിയ ശേഷം പേറ്റന്റിനും തുടർനടപടികൾക്കുമായി നീങ്ങുമെന്ന് ഡോ. സജീവൻ അറിയിച്ചു.

അർബുദ ചികിത്സയ്ക്ക് വരെ ഉപകരിക്കാവുന്ന നൂതന മരുന്നുകൾ ഇത്തരം ബാക്ടീരിയകളിൽ നിന്ന് സൃഷ്ടിക്കാനാകും. ഇതിനായി ലക്നൗവിലെ സെൻട്രൽ ഡ്രഗ്ര് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി കുസാറ്റ് സഹകരിക്കും. കണ്ണൂർ തവറൂൽ പുതിയിടത്ത് ഗോവിന്ദൻ നമ്പ്യാരുടെയും ലക്ഷ്മിയുടെയും മകനാണ് ഡോ.സജീവൻ. സോഫ്റ്റ്‌വയർ എൻജിനീയറായ പൂർണിമ സോമനാണു ഭാര്യ. മക്കൾ: കാളിദാസ്, മീനാക്ഷി

"ബാക്ടീരിയ ഉപയോഗിച്ച് പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടെത്തുകയാണ് ലക്ഷ്യം. രോഗകാരികളായ ബാക്ടീരിയയെ ചെറുക്കുന്നതിനും കാൻസറിന് മരുന്ന് കണ്ടെത്താനുമാണ് ശ്രമം. ബാക്ടീരിയകൾക്ക് അതിജീവിക്കാൻ കഴിയാത്ത പുതിയ ആന്റിബയോട്ടിക്കുകൾ കണ്ടെത്തേണ്ടത് അനിവാര്യമാണ് ".
- ഡോ. ടി.പി.സജീവൻ