
കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾ നിരോധിച്ചു. 3,204 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 17,657 പേർ ചികിത്സയിലുണ്ട്. ജനുവരി ഒന്നിന് 5.38 ആയിരുന്ന ടി.പി.ആർ ഇന്നലെ 36.87ലെത്തി. 11പുതിയ ക്ലസ്റ്ററുകൾ കൂടി രൂപപ്പെട്ടു. സ്‌കൂളുകൾ, കോളേജുകൾ, ഓഫീസുകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണിത്. പൊതുപരിപാടികൾ പാടില്ല. സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെടെ യോഗങ്ങൾ ഓൺലൈനാക്കണം. മാളുകളിൽ ജനത്തിരക്ക് പാടില്ല. ക്ലസ്റ്റർ രൂപപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ 15 ദിവസത്തേക്ക് അടയ്ക്കണം.