 
ആലുവ: 'സ്ത്രീ സുരക്ഷ, സ്ത്രീ സമത്വം' എന്ന ആശയപ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളും പുരുഷന്മാരും നേരിട്ട് ഏറ്റുമുട്ടുന്ന ഫുട്‌ബാൾ മത്സരം ആലുവക്കാർക്ക് ആവേശമായി.
മുൻ ഇന്ത്യൻ വനിത ഫുട്‌ബോൾ താരം സി.വി. സീന നയിച്ച എറണാകുളം സി.വി. സീന ഫുട്ബാൾ അക്കാഡമിയും ആലുവ നഗരസഭ വൈസ് ചെയർപേഴ്‌സനും മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ജെബി മേത്തർ നയിച്ച എറണാകുളം ഗോകുലം എഫ്.സിയുമാണ് വനിത ടീമുകളായി കളത്തിലിറങ്ങിയത്. രണ്ട് ടീമുകളും ആദ്യമത്സരത്തിൽ തന്നെ പുരുഷ ടീമുകളോട് പരാജയമേറ്റുവാങ്ങിയെങ്കിലും ആവേശകരമായ നിരവധി മുന്നേറ്റം കളിക്കളത്തിൽ നടത്തി. സി.വി. സീന നയിച്ച വനിത ടീമിനെ ആദ്യമത്സരത്തിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിച്ച കളമശേരി ഫ്രണ്ട്സ് എഫ്.സിയാണ് 3 -2ന് പരാജയപ്പെടുത്തിയത്. മുഹമ്മദ് ഷിയാസും ഒരു ഗോൾ അടിച്ചു. തുടർന്ന് ജെബി മേത്തർ നയിച്ച ടീമിനെ ഇടപ്പിള്ളി അജിനോറ ഇൻസ്റ്റിറ്റ്യൂഷൻ പരാജയപ്പെടുത്തി.
ജൂനിയേഴ്സിന്റെ ആദ്യ രണ്ട് മത്സരത്തിലും പുരുഷ ടീമുകൾക്കായിരുന്നു വിജയം. അമിക്കോസ് ഫുട്ബോൾ അക്കാഡമി ഞാറക്കലിനെ കളമശേരി ഗനഡോർ ഫുട്ബോൾ അക്കാഡമി 3 -2ന് പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ പ്രോമിസ് പറവൂരിനെ ഗനഡോർ ബി ഗ്രൂപ്പ് 5 -3ന് പരാജയപ്പെടുത്തി.
ആലുവ ബൈപ്പാസിൽ സ്‌പോർട്ട് ഓൺ ഫുട്‌ബോൾ ടർഫിൽ അൻവർ സാദത്ത് എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ബാബു പുത്തനങ്ങാടി എന്നിവർ പങ്കെടുത്തു. ഫസ്റ്റ് എയ്ഡും അജിനോറ ഇൻസ്റ്റിറ്റ്യൂഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.