കൊച്ചി: ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിലായി. കൂട്ടുപ്രതിക്കായി അന്വേഷണം. എറണാകുളം അയ്യപ്പിള്ളിയിൽ ചൂളക്കപ്പറമ്പിൽ വീട്ടിൽ രാംദേവ് (20), മുല്ലപ്പറമ്പ് വീട്ടിൽ ശരത് (20) എന്നിവരാണ് പിടിയിലായത്. ഇവർ കൊലപാതകം, അടിപിടി, മയക്കുമരുന്നു കടത്ത് തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളാണ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജുവിന്റെ നിർദ്ദേശപ്രകാരം ഡി.സി.പി വി.യു കുര്യാക്കോസിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ നോർത്ത് സി.ഐ പ്രശാന്ത് ക്ലിന്റും സംഘവും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പ് കൊല്ലം ശാസ്താംകോട്ടയിൽ നിന്ന് കൊച്ചിയിലെ അമ്യൂസ്‌മെന്റ് പാർക്ക് സന്ദർശിക്കാൻ എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലിറങ്ങിയ അഖിൽകുമാർ, അഭിമന്യു, രാഹുൽ, ശ്രീജിത്ത്, വിഷ്ണു എന്നിവരെ പ്രതികൾ റൂം ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് മണപ്പാട്ടിപ്പറമ്പിലെത്തിച്ചു. തുടർന്ന് അഖിലിന്റെ 20,000 രൂപയുടെ മൊബൈൽ ഫോണും അഭിമന്യുവിന്റെ 12,000 രൂപയുടെ ഫോണും 3100 രൂപയുടെ സ്വർണകമ്മലും ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. തുടർന്ന് പ്രതികൾ യുവാക്കളെ കല്ലെറിഞ്ഞ് ഓടിച്ചു. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.വൈപ്പിൻ, മുനമ്പം ഭാഗങ്ങളിൽ പിടിച്ചുപറി നടത്തിയിരുന്ന ഇവർ അടുത്തിടെയാണ് നഗരത്തിലേക്ക് ചേക്കേറിയത്.
പിടിച്ചത് ആറു ദിവസം ഉറക്കമൊഴിച്ച്
യുവാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല. തുടർന്ന് സി.ഐ പ്രശാന്ത് ക്ലിന്റിനെ നേതൃത്വത്തിൽ ആറ് ദിവസത്തോളം പ്രദേശങ്ങളിൽ ഉറക്കമൊഴിച്ച് കാത്തിരുന്നാണ് പ്രതികളെ പിടികൂടിയത്.