തൃക്കാക്കര: തൃക്കാക്കര നഗരസഭയ്ക്ക് മാലിന്യ സംസ്കരണ പ്ലാന്റിന് സ്ഥലം കണ്ടെത്തുന്നതിന് ചെയർപെഴ്സനെയും സെക്രട്ടറിയേയും ചുമതലപ്പെടുത്തി. ഇന്നലെ കൂടിയ ഓൺലൈൻ കൗൺസിലിലാണ് തീരുമാനം. സ്ഥലം വാങ്ങുന്നതിന് സബ് കമ്മിറ്റി രൂപീകരിക്കണമെന്ന് എൽ.ഡി.എഫ് കൗൺസിലർ എം.ജെ. ഡിക്സൺ, കെ.എക്സ്. സൈമൺ എന്നിവർ ആവശ്യപ്പെട്ടു. സ്ഥലം ആവശ്യപ്പെട്ട് പത്രപ്പരസ്യം നൽകിയ ശേഷം കൗൺസിലിൽ വിഷയം വന്നത് അഴിമതിയാണെന്ന് എൽ.ഡി.എഫ് കൗൺസിലർ ചന്ദ്രബാബു പറഞ്ഞു. സബ് കമ്മിറ്റി രൂപീകരിക്കാൻ ഭയക്കുന്നത് എന്തൊ മറക്കാനാണെന്ന് കൗൺസിലർ ചന്ദ്രബാബു ആരോപിച്ചു. വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമായി.

അടുത്ത കൗൺസിലിൽ സബ് കമ്മിറ്റി രൂപീകരിക്കാമെന്ന് ചെയർപേഴ്സൺ ഉറപ്പു നൽകി. നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് സമീപം മത്സ്യ- മാംസ കച്ചവടക്കാരെ പുനരധിവാസത്തിനായി കെട്ടിട നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ തീരുമാനിച്ചു.

 തീരുമാനങ്ങൾ അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ

കമ്മിറ്റി തീരുമാനങ്ങൾ മാദ്ധ്യമങ്ങളിലൂടെ അറിയേണ്ട അവസ്ഥ മാറ്റണമെന്ന് കോൺഗ്രസ് കൗൺസിലർ വി.ഡി. സുരേഷ്,സ്വതന്ത്ര കൗൺസിലർ പി.സി. മനൂപ് എന്നിവർ പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങളുടെ മിനിറ്റ്സ് സമയാസമയങ്ങളിൽ ലഭിക്കുന്നില്ലെന്ന് പി.സി. മനൂപ് പറഞ്ഞു.

 ഹരിത ഭവനം -ഹരിത നഗരം പദ്ധതി 23 മുതൽ

നഗരസഭ ഹരിത ഭവനം ഹരിത നഗരം പദ്ധതിയുടെ

ഭാഗമായി സമഗ്ര ശുചീകരണ പദ്ധതി 23 മുതൽ നടപ്പിലാക്കും.നഗര സഭ കണ്ടീജൻ ജീവനക്കാർ, യുവജന സംഘടനകൾ, സന്നദ്ധ വാളണ്ടിയർമാർ, സ്വകാര്യ - പൊതുമേഘല സ്ഥാപനങ്ങൾ തുടങ്ങിയവരെ സഹായത്തോടെയാവും പ്രവ‌‌ർത്തനങ്ങൾ. കക്ഷിനേക്കാക്കൾ, യുവജന സംഘടനകൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ യോഗം 20 ന് വിളിക്കുമെന്ന് ചെയർപേഴ്സൺ അജിത തങ്കപ്പൻ പറഞ്ഞു.