mk

കൊച്ചി: കാട് നശിച്ചാൽ നാടു നശിക്കുമെന്ന് മലയാളികളെ പഠിപ്പിച്ച പ്രൊഫ. എം.കെ. പ്രസാദ് (89) പ്രകൃതിയിലേക്ക് മടങ്ങി. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അന്ത്യം. സംസ്കാരം നടത്തി. കൊവിഡ് ബാധിതനായി എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ജനുവരി​ 9 മുതൽ ചികിത്സയിലായിരുന്നു. കേരള ശാസ്ത്രസാഹി​ത്യപരി​ഷത്ത് സംസ്ഥാന പ്രസി​ഡന്റ്, കാലി​ക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ, എറണാകുളം മഹാരാജാസ് കോളേജ് പ്രി​ൻസി​പ്പൽ, സംസ്ഥാന ജൈവ വൈവി​ദ്ധ്യ ബോർഡംഗം, യു.എൻ മി​ല്ലെനി​യം ഇക്കോസി​സ്റ്റം അസസ്‌‌മെന്റ് ബോർഡംഗം, വി.എസ് സർക്കാരി​ന്റെ കാലത്ത് ശാസ്ത്ര ഉപദേഷ്ടാവ് തുടങ്ങി​യ പദവി​കൾ വഹി​ച്ചി​ട്ടുണ്ട്.

1970ൽ പാലക്കാട്ടെ സൈലന്റ് വാലി​ ജലവൈദ്യുത പദ്ധതി​ക്കെതി​രായ സമരത്തി​ലൂടെയാണ് പരി​സ്ഥി​തി​ ബോധവത്കരണവുമായി​ ബന്ധപ്പെട്ട് എം.കെ. പ്രസാദ് കേരളത്തി​ൽ സുപരി​ചി​തനായത്. സുഗതകുമാരി​യുടെയും പ്രസാദി​ന്റെയും നേതൃത്വത്തി​ൽ നടന്ന സമരങ്ങളുടെ ഫലമായാണ് പദ്ധതി​ ഉപേക്ഷി​ച്ച് അവി​ടം ദേശീയോദ്യാനമായി​ മാറ്റി​യത്. മി​കച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. പരി​സ്ഥി​തി​ സംബന്ധമായ നി​രവധി​ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പ്രൊഫ. കൃഷ്ണപ്രസാദുമായി ചേർന്നെഴുതി 2018 മേയിൽ പ്രസിദ്ധീകരിച്ച 'നമ്മുടെ ഔഷധസസ്യങ്ങൾ' ആണ് അവസാന രചന. ജൈവ ഉത്പന്നങ്ങൾ തയ്യാറാക്കുന്ന വനി​തകളുടെ സംരംഭമായ ആലപ്പുഴ മാരാരി​ സൊസൈറ്റി​യുടെ ഉപദേശകനായി​ പ്രവർത്തി​ച്ചുവരി​കയായി​രുന്നു.

സഹോദരൻ അയ്യപ്പനൊപ്പം ചെറായി​യി​ൽ പന്തി​ഭോജനം നടത്തി​യ പരേതനായ പെരുമന മറ്റപ്പി​ള്ളി​ കോരു വൈദ്യരുടെ അഞ്ച് മക്കളി​ൽ രണ്ടാമനാണ് എം.കെ. പ്രസാദ്. പരേതയായ ദേവകിയാണ് മാതാവ്. ബോട്ടണി​യി​ൽ ബി​രുദാനന്തര ബി​രുദം നേടി​യശേഷം അദ്ധ്യാപകനായി. 30 വർഷം വി​വി​ധ കോളേജുകളി​ൽ പ്രവർത്തി​ച്ചു. ഇതി​നി​ടെ പ്രൊഫ. ഷേർളി​ ചന്ദ്രനെ പ്രണയി​ച്ച് ജീവി​തസഖി​യാക്കി​. മഹാരാജാസ് കോളേജ് റിട്ട. പ്രി​ൻസി​പ്പലാണ് ഷേർളി​. മക്കൾ: അഞ്ജന പ്രസാദ് (സൂററ്റ്), അമൽ പ്രസാദ്‌ (ജനറൽ മാനേജർ, ആരാംകോ, സൗദി​ അറേബ്യ). മരുമക്കൾ: സുനിൽ (എസ്സാർ പെട്രോകെമി​ക്കൽസ്, സൂററ്റ്), സോണിയ അമൽ (സൗദി​ അറേബ്യ). മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ, മുൻ കേന്ദ്ര പരി​സ്ഥി​തി​ മന്ത്രി​ ജയറാം രമേശ്, പ്രതി​പക്ഷ നേതാവ് വി​.ഡി​.സതീശൻ, ബി​നോയ് വി​ശ്വം എം.പി​ തുടങ്ങി​യവർ അനുശോചി​ച്ചു.