ആലുവ: സി.പി.എം കേന്ദ്ര കമ്മിറ്റിഅംഗവും മുൻമന്ത്രിയുമായ പി.കെ. ശ്രീമതിയുടെ ഫേസ്ബുക്ക് പേജിൽ ആലുവയിലെ പാർട്ടി നേതാക്കളായ നാല് സഹോദരങ്ങളുടെ ചിത്രം വൈറലായി. നൂറുകണക്കിന് ആളുകളാണ് ലൈക്കും കമന്റും രേഖപ്പെടുത്തി ചിത്രം ഷെയർ ചെയ്തത്.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും കേരള ബാങ്ക് ഡയറക്ടറുമായ അഡ്വ. പുഷ്പാദാസിനെയും കുടുംബപശ്ചാത്തലത്തെയും കുറിച്ചാണ് പി.കെ. ശ്രീമതിയുടെ കുറിപ്പ്. പുഷ്പാദാസാണ് എറണാകുളം ജില്ലാ സെക്രട്ടേറിയറ്റിലെ ആദ്യ വനിതാംഗമായത്. ജ്യേഷ്ഠസഹോദരന്മാരെല്ലാം പാർട്ടി നേതാക്കളാണ്. മൂത്ത സഹോദരൻ എ.പി. ഉദയകുമാർ ജില്ലാ കമ്മിറ്റി അംഗവും ആലുവ ഏരിയാ സെക്രട്ടറിയുമാണ്. സഹോദരങ്ങളായ സുരേന്ദ്രകുമാർ ആലുവ നസ്രത്ത് ബ്രാഞ്ച് സെക്രട്ടറിയും എ.എസ്. രവിചന്ദ്രൻ ചൂർണ്ണിക്കര എൽ.സി അംഗവുമാണ്. ഇങ്ങനെ തുടങ്ങുന്ന കുറിപ്പിൽ ഇവരുടെ പിതാവ് സുബ്രഹ്മണ്യന്റെ ജീവിതവും വരച്ചുകാട്ടുന്നു.
1971ലാണ് സുബ്രഹ്മണ്യന് ആർ.എസ്.എസുകാരുടെ കുത്തേറ്റത്. കിടപ്പിലായ സുബ്രഹ്മണ്യൻ 1992ലാണ് മരണമടഞ്ഞത്. സംഭവം നടക്കുമ്പോൾ മൂന്നുമാസംമാത്രം പ്രായമുള്ള കുഞ്ഞായിരുന്നു പുഷ്പ. അമ്മ ശാരദ മക്കളെ അച്ഛൻ സഞ്ചരിച്ച പാതയിലൂടെ വളർത്തി. പാർട്ടിയിൽ പുഷ്പ സഹോദരന്മാരേക്കാൾ ഉയരത്തിലെത്തി. മാസങ്ങൾക്ക് മുമ്പാണ് കൊവിഡ് മഹാമാരി പുഷ്പയുടെ ഭർത്താവ് ദാസിന്റെ ജീവൻ കവർന്നത്.
ജീവിതത്തിൽ എല്ലാമായിരുന്ന പ്രിയതമന്റെ വേർപാട് പുഷ്പയെ തളർത്തിയെങ്കിലും സഹോദരന്മാരുടേയും പാർട്ടി പ്രവർത്തകരുടേയും സ്നേഹപൂർവ്വമുള്ള നിർബന്ധത്തിലാണ് പുഷ്പ വീണ്ടും പൊതുരംഗത്ത് സജീവമായതെന്നും ശ്രീമതി കുറിപ്പിൽ പറയുന്നു.