മരട്: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പരിസ്ഥിതിക്ക് ഇണങ്ങുന്ന നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചുള്ള ആകർഷകമായ കമാനങ്ങളും സ്തൂപങ്ങളും വിവിധ കമ്മിറ്റികൾ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ചു തുടങ്ങി. സി.പി.എം പൂണിത്തുറ ലോക്കൽ കമ്മിറ്റി തൃപ്പൂണിത്തുറ പൂർണ്ണത്രയിശ ക്ഷേത്രത്തിനു മുമ്പിലെ മണിമാളികയുടെ 20 അടി ഉയരമുള്ള രൂപം പ്ലൈവുഡും, തെർമോകോളും ഉപയോഗിച്ച് നിർമ്മിച്ചത് പേട്ട ജംഗ്ഷനിൽ സ്ഥാപിച്ചു. 1864 - 68 കാലഘട്ടത്തിൽ കൊച്ചി മഹാരാജാവ് പ്രജകൾക്ക് സമയം അറിയാനായി ഡച്ച് തച്ചുശാസ്ത്ര പ്രകാരം നിർമ്മിച്ചതാണീ മണിമാളിക. ശില്പി അബിൻ സേവ്യറിന്റെ നേതൃത്വത്തിൽ പൂണിത്തുറയിലെ ചുമട്ട് തൊഴിലാളികളാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്.
മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ശില്പി അബിൻ സേവ്യറിനെ മന്ത്രി പി. രാജീവ് പൊന്നാടയണിയിച്ച് അനുമോദിച്ചു.
ലോക്കൽ സെക്രട്ടറി പി. ദിനേശ് അദ്ധ്യക്ഷനായി. സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി. ഉദയകുമാർ, കെ.എം. അഷറഫ്, വി.പി. ചന്ദ്രൻ, എ.ബി. സാബു, എ.എൻ. കിഷോർ, കെ.എസ്. സനീഷ്, എം.ടി. പ്രസാദ് എന്നിവർ സംസാരിച്ചു.