chekdam
റാക്കാട് - കായനാട് ചെക്ക്ഡാമിന്റെ പാലത്തിലെ തൂണുകളുടെ കോൺക്രീറ്റ് ഇളകിയനിലയിൽ

മൂവാറ്റുപുഴ: റാക്കാട് - കായനാട് ചെക്ക്ഡാമിന് ബലക്ഷയമുള്ളതായി ആശങ്ക. മൂവാറ്റുപുഴ ആറിന് കുറുകെ വാളകം പഞ്ചായത്തിലെ റാക്കാട് പ്രദേശത്തേയും മാറാടി പഞ്ചായത്തിലെ കായനാടിനേയും ബന്ധിപ്പിച്ച് നിർമ്മിച്ച ചെക്കുഡാം പാലത്തിനാണ് ബലക്ഷയമുണ്ടെന്ന് പരക്കെ ആശങ്കയുള്ളത്. പാലത്തിന് ഇരുകരയിലുമുള്ള സംരക്ഷണഭിത്തിയുടേയും പാലത്തിന്റെ തൂണുകളുടേയും കോൺക്രീറ്റ് ഇളകിയതാണ് സംശയത്തിനിടയാക്കിയത്.

പാലം അടിയന്തരമായി ഷട്ടർ സംവിധാനത്തോടെ പുനർനിർമ്മിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റും റിപ്പോർട്ടും ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായി സൂചനയുണ്ട്. പുഴയിൽ താരതമ്യേന വീതിക്കുറവുള്ളതായി തോന്നിക്കുന്ന ഈ ഭാഗത്ത് ചെക്ക്ഡാമിനുപുറമേ പുഴയുടെ സ്വാഭാവിക ഒഴുക്കിന് വിഘാതമാകുംവിധമുള്ള 6 കോൺക്രീറ്റ് കാലുകളാണുള്ളത്. സ്വാഭാവികഒഴുക്കിന് തടസംവരാത്തവിധം കാലുകളുടെ എണ്ണംകുറച്ച് ആധുനികസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വേണം പുനർനിർമ്മാണമെന്നാണ് ആവശ്യം. വലിയൊരളവോളം എക്കലും നീക്കംചെയ്യേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പഠനശേഷം എക്കൽ നിർമ്മാർജ്ജന നടപടികൾക്ക് കൂടതൽ വ്യക്തത വരുമെന്ന് സാമൂഹ്യപ്രവർത്തകരായ പ്രമോദ്കുമാർ മംഗലത്തും കെ.വി. മനോജും ചെക്ക് ഡാം സന്ദർശിച്ചശേഷം പറഞ്ഞു.