തൃപ്പൂണിത്തുറ: 15 വയസിനും 18 വയസിനും ഇടയിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ വാക്സിനേഷൻ പൂർത്തിയാക്കി കേരളത്തിൽ ഒന്നാമതായി തൃപ്പൂണിത്തുറ നഗരസഭ. നഗരസഭാ അതിർത്തിയിലെ 15 സ്കൂളുകളിലായി പഠിക്കുന്ന മൂവായിരത്തോളം വിദ്യാർത്ഥികൾക്ക് സ്കൂളിൽ നേരിട്ടെത്തി കൊവിഡ് വാക്സിൻ നൽകിയാണ് തൃപ്പൂണിത്തുറ ഈ നേട്ടം കൈവരിച്ചത്. ജനുവരി 10 ന് തൃപ്പൂണിത്തുറ സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് സ്കൂളിൽ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്ത വാക്സിനേഷൻ കാമ്പയിൻ ഇന്നലെ ചോയ്സ് സ്കൂളിൽ അവസാനിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, അർബൻ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെയാണ് വാക്സിനേഷൻ പൂർത്തീകരിച്ചത്. വൈസ് ചെയർമാൻ കെ.കെ പ്രദീപ്കുമാർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എ ബെന്നി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യു.കെ പീതാംബരൻ, കൗൺസിലർമാർ, ജെ.എച്ച്.ഐ സഞ്ജുമോഹൻ എന്നിവരാണ് കാമ്പയിന് നേതൃത്വം നൽകിയത്.