മൂവാറ്റുപുഴ: മൂവാറ്റുപുഴ- തേനി ഹൈവേയിലെ മൂവാറ്റുപുഴ മുതൽ പെരുമാംകണ്ടം വരെയുള്ള 16.1കി.മീ ദൂരം വരുന്ന റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുമ്പോൾ റോഡരികിലെ അനധികൃതകൈയേറ്റം ഒഴിപ്പിക്കണമെന്ന് മൂവാറ്റുപുഴ-തേനി ഹൈവേ ആക്ഷൻ കൗൺസിൽ രക്ഷാധികാരി ഫാ. ജോസ് കിഴക്കേൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കൈയേറ്റസ്ഥലങ്ങൾ റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. മന്ത്രിയുടെ നിർദ്ദേണ്ടമുണ്ടായിട്ടും തുടർനടപടിയുണ്ടായില്ല. തുടർന്ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചു. റോഡിലെ പുറമ്പോക്ക് ഭൂമി ഒരു മാസത്തിനുള്ളിൽ ഏറ്റെടുക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് കോടതി ഉത്തരവുമുണ്ടായിരുന്നു. എന്നാൽ അതും നടപ്പിലാക്കാത്തതിനെ തുടർന്നാണ് ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ആക്ഷൻ കൗൺസിൽ ചീഫ് കോ-ഓഡിനേറ്റർ അലോഷ്യസ് പൂനാട്ട്, ചെയർമാൻ വിനോദ് ജോൺ തെക്കേക്കര, കൺവീനർ ഷാജി നീരൊലിക്കൽ എന്നിവരും പങ്കെടുത്തു.