കൊച്ചി: കൊച്ചി നഗരത്തിൽ ആക്രിപെറുക്കി കഴിഞ്ഞിരുന്ന തമിഴ്നാട്ടുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി നടരാജന്റെ (55) സുഹൃത്ത് തങ്കരാജിനെ പൊലീസ് തെരയുന്നു. ഇയാൾ ഒളിവിലാണ്. തങ്കരാജും നടരാജനും അടുത്ത സുഹൃത്തുക്കളായിരുന്നു. തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ നിന്ന് നാടുവിട്ട് ഒരേസമയം കൊച്ചിയിലെത്തിയ ഇരുവരും പതിവായി ഒന്നിച്ചാണ് മദ്യപിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മദ്യപിച്ച ലക്കുകെട്ട് ഇവർ പരസ്പരം വഴക്കിട്ടു. ഇതിന്റെ വൈരാഗ്യമാണ് നടരാജനെ വകവരുത്താൻ തങ്കരാജിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവ ദിവസം നടരാജനും ഇയാളുടെ ഭാര്യയെന്ന് അവകാശപ്പെടുന്ന തമിഴ്നാട് സ്വദേശിനിയും കൃഷ്ണൻ എന്നുപേരുള്ളയാളും ചേർന്ന് കടവന്ത്രയിലെ ഫുട്പാത്തിലിരുന്നു മദ്യപിച്ചു. മൂവരും അവിടെ കിടന്ന് ഉറങ്ങി. ഇതിനിടെ തങ്കരാജ് എഴുന്നേറ്റ് പോയി. വൈകാതെ കൃഷ്ണനും മടങ്ങി. ആരുമില്ലെന്ന് ഉറപ്പാക്കി കൈയിൽ മൂർച്ചയേറിയ ആയുധവുമായി എത്തിയ തങ്കരാജ് നടരാജനെ കുത്തി പരിക്കേൽപ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഞാറയാഴ്ച വൈകിട്ട് ആറരയോടെയാണ് കക്ഷത്തിന് താഴെയായി ആഴത്തിൽ മുറിവേറ്റ് അബോധാവസ്ഥയിൽ നടരാജനെ കണ്ടത്. പൊലീസ് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടരാജിന് തമിഴ്നാട്ടിൽ ഭാര്യയും മക്കളുമുണ്ട്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. നടരാജന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. ഇന്ന് ബന്ധുക്കൾക്ക് കൈമാറും.