കോലഞ്ചേരി: മലേറിയ നിവാരണ പ്രവർത്തനങ്ങളിൽ മാതൃകയായി പൂത്തൃക്ക ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ കാൽനൂറ്റാണ്ടായി പൂത്തൃക്കയിൽനിന്ന് ഒരാൾക്കുപോലും മലേറിയ റിപ്പോർട്ട് ചെയ്തിട്ടില്ല. പൂത്തൃക്ക പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിൽ രോഗപരിശോധനയും ബോധവത്കരണ ക്ളാസുകളും നടത്തി. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിസംബറിൽ എല്ലാവാർഡുകളിലും യോഗങ്ങൾ നടത്തുകയും ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും ചെയ്തിരുന്നു . ടാസ്ക് ഫോഴ്സ് അംഗങ്ങൾക്കും ആശാപ്രവർത്തകർക്കും പഞ്ചായത്ത്തലത്തിൽ പരിശീലനം നൽകി. ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ഇരുപത്തൊന്നിന മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയിടയിലും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിലും പകർച്ചേതരരോഗ പ്രതിരോധ പ്രവർത്തനങ്ങളിലും പൂത്തൃക്ക പൊതുജനാരോഗ്യ വിഭാഗം വിജയകരമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനിടയിലാണ് മലമ്പനി വിമുക്ത പഞ്ചായത്തായി പൂത്തൃക്കയെ പ്രഖ്യാപിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി വർഗ്ഗീസ് മലമ്പനി വിമുക്ത പ്രഖ്യാപനം നടത്തി.

മെഡിക്കൽ ഓഫീസർ ഡോ. ആദർശ് രാധാകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. സജീവ്, പഞ്ചായത്ത് അംഗങ്ങളായ മാത്യൂസ് കുമ്മണ്ണൂർ, എൻ.വി. കൃഷ്ണൻകുട്ടി, ജിംസിമേരി വർഗ്ഗീസ്, ജോണി, സംഗീത ഷൈൻ, ബിന്ദുജയൻ, ജോണി, രാജൻ, സെക്രട്ടറി ദീപു ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.