ആലങ്ങാട്: വരാപ്പുഴ ബ്രാഞ്ച് കനാലിലേക്ക് വെള്ളം തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയാർ ലിഫ്റ്റ് ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയറുടെ തോട്ടക്കാട്ടുകര ഓഫീസ് ഉപരോധിച്ചു. എല്ലാ വേനലിലും ആലുവ വരാപ്പുഴ ബ്രാഞ്ച് കനാലിലൂടെ വെള്ളം തുറന്നുവിടുന്നത് ആലങ്ങാട്, കരുമാലൂർ പഞ്ചായത്തുകളിൽ കൃഷിക്കും മറ്റും സഹായകരമായിരുന്നു. ചൂർണിക്കര പഞ്ചായത്തിലെ പട്ടേരിപ്പുറത്ത് കനാലിലേക്ക് മതിൽ ഇടിഞ്ഞുവീണ് തടസപ്പെട്ടു. മതിൽ പുനർനിർമിക്കാതെ കനാലിലെ മാലിന്യങ്ങൾ നീക്കാൻ പരിസരവാസികൾ സമ്മതിക്കുന്നില്ല. മാലിന്യം ഉടൻ നീക്കാമെന്ന് ചൂർണ്ണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉറപ്പുനൽകിയിട്ടുണ്ട്. ആലുവ മുനിസിപ്പൽ പ്രദേശത്തെ മാലിന്യങ്ങൾ നീക്കാമെന്ന് മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോണും ഉറപ്പുനൽകി.
കനാലിലൂടെ വെള്ളം വലിയതോതിൽ വന്നാലേ കരുമാലൂർ പഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ വെള്ളം എത്തുകയുള്ളൂ. പ്രളയകാലത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുവേണ്ടി മാളികംപീടിക ചേർത്ത് നാട്കനാൽ പൊളിച്ച് പൈപ്പ് സ്ഥാപിച്ചരുന്നു. ഇത് മാറ്റി കനാൽവഴിയുള്ള ജലസേചനം പൂർവ്വസ്ഥിതിയിലാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. കോൺഗ്രസ് കരുമാലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബാബു മാത്യു, ആലങ്ങാട് മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാലൂർ,പി. എസ്. സുബൈർ ഖാൻ, ഗർവാസീസ് മാനാടൻ, സലാം ചീരകുഴി,സുമിത്ത് പാനായിക്കുളം എന്നിവർ നേതൃത്വം നൽകി.