കൊച്ചി: രാജ്യത്തെ നൂറ് നഗരങ്ങളിൽ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടത്തിയ 'ശിശുസൗഹൃദ അയൽപ്പക്കങ്ങൾ', 'തെരുവുകൾ ജനങ്ങൾക്കായി' എന്നീ ചലഞ്ചുകളിൽ കൊച്ചി നഗരത്തിന് മികച്ച നേട്ടം. ഈ ചലഞ്ചുകളിൽ രാജ്യത്തെ ആദ്യ 10 നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചാണ് കൊച്ചി ദേശീയ അംഗീകാരം നേടിയത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ നഗരങ്ങളിൽ ചലഞ്ച് സംഘടിപ്പിച്ചത്.

കൊച്ചി കോർപ്പറേഷൻ കഴിഞ്ഞ ബഡ്ജറ്റിൽ 'ശിശുസൗഹൃദ അയൽപ്പക്കങ്ങൾ' പദ്ധതി ഉൾപ്പെടുത്തിയിരുന്നു. പശ്ചിമകൊച്ചിയിലെ ഈരവേലി, കരിപ്പാലം എന്നിവിടങ്ങളിലെ അങ്കണവാടികളിലും സമീപപ്രദേശങ്ങളിലും ഇത് നടപ്പാക്കി. ശിശുക്കളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ ശിശുസംരക്ഷണ കേന്ദ്രങ്ങളും അയൽപ്പക്കങ്ങളും രൂപപ്പെടുത്തി. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെയും ഡബ്ല്യു.ആർ.ഐ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകൾക്ക് ചർച്ച ചെയ്യാനും യുവജനങ്ങൾക്ക് കലാപ്രവർത്തനങ്ങൾ നടത്താനും ഇടങ്ങൾ ഒരുക്കിയതും കൊച്ചിക്ക് നേട്ടമായി.
കാൽനടയാത്ര പ്രോത്സാഹിപ്പിക്കുക, കാൽനടയാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ തെരുവുകൾ രൂപപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് കൊച്ചിയിൽ 'തെരുവുകൾ ജനങ്ങൾക്കായി' പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചിയിൽ ട്രാഫിക് റീ റൂട്ടിങ്, കാൽനടപാത നിർമ്മാണം, സൈക്കിൾ ട്രാക്ക് നിർമ്മാണം എന്നിവ ആരംഭിച്ചു. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെയും ജിസ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

 സി.എസ്.എം.എല്ലിന് 50 ലക്ഷം

കൊച്ചിയെ ജനസൗഹാർദ്ദ നഗരമാക്കുന്നതിനായി പ്രവർത്തിച്ച കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം 50 ലക്ഷത്തിന്റെ പുരസ്കാരം പ്രഖ്യാപിച്ചു. നിലവിലുള്ള പദ്ധതികൾ നടപ്പാക്കുന്നതിനായി ഈ പണം ചെലവഴിക്കാമെന്ന് സെക്രട്ടറി മനോജ് ജോഷി പറഞ്ഞു. പുരസ്കാരപ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം