theniroad
മൂവാറ്റുപുഴ -തേനി ഹൈവേയുടെ നിർമ്മാണത്തിന് തുടക്കമായപ്പോൾ

മൂവാറ്റുപുഴ: മൂവാറ്റുപുഴ തേനി-ഹൈവേയിലെ ചാലിക്കടവ് മുതൽ പെരുമാംകണ്ടം വരെയുള്ള 16.10 കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ നവീകരണത്തിന് തുടക്കം. റീ ബിൽഡ് കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 87.73 കോടി രൂപയാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. ഉന്നത നിലവാരത്തിലാണ് നിർമ്മാണം. അതേസമയം റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി കൈയേറിയിരിക്കുന്നവരെ ഒഴിപ്പിച്ച് ഹൈവേക്ക് ആവശ്യമായ വീതിയിൽ റോഡ് നിർമ്മിക്കണമെന്നാണ് ആവശ്യം. റോഡ് നിർമ്മാണത്തോടൊപ്പം അനധികൃത കൈയേറ്റവും ഒഴിപ്പിക്കണമെന്ന് മൂവാറ്റുപുഴ-തേനി ഹൈവേ ആക്ഷൻ കൗൺസിൽ രക്ഷാധികാരി ഫാ. ജോസ് കിഴക്കേൽ ആവശ്യപ്പെട്ടു.

നിലവിൽ റോഡിന് പലഭാഗങ്ങളിലും എട്ടുമീറ്ററോ അതിൽ താഴയോആണ് വീതി. റോഡ് മൂവാറ്റുപുഴ മുതൽ ഉടുമ്പന്നൂർ പരിയാരം വരെ 32 കിലോമീറ്റാറാണുള്ളത്. കോട്ടറോഡ് എന്നറിയപ്പെടുന്ന റോഡ് വൈക്കം ഉടുമ്പന്നൂർ കോട്ടയിലൂടെയാണ് കടന്നുപോകുന്നത്. കോട്ടറോഡിന് 20 മീറ്ററോളം വീതിയിൽ പുറമ്പോക്ക് ഭൂമിയുണ്ട്. ഇത് സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുകയാണെന്നാണ് ആരോപണം. ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തിക്കല്ലൂകൾ സ്ഥാപിച്ച് റോഡിനോട് ചേർക്കണമെന്നാണ് ആവശ്യം.

 കോട്ടറോഡിന് 16.10 കിലോമീറ്റർ നീളം: സൂപ്പറാക്കും

കൊച്ചി-മധുര ദേശീയപാതയിലെ ചാലിക്കടവ് ജംഗ്ഷനിൽ നിന്നാരംഭിച്ച് ഇടുക്കി ജില്ലാ അതിർത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന 16.10 കിലോമീറ്റർ വരുന്ന കോട്ടറോഡ് മൂവാറ്റുപുഴ - തേനി ഹൈവേയുടെ ഭാഗമാണ്. മൂവാറ്റുപുഴ നഗരസഭ, ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിലെ പ്രധാന കവലകളും വളവുകളും പാലങ്ങളും കലുങ്കുകളും ഓടകളുമെല്ലാം പുനർനിർമിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം റോഡിലെ കയറ്റങ്ങളെല്ലാം ലെവൽ ചെയ്യും. റോഡ്.ബി.എം ആൻഡ് ബി.സി.നിലവാരത്തിലാണ് ഏഴുമീറ്റർ വീതിയിൽ ടാർ ചെയ്യുന്നത്.

റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് എളുപ്പത്തിൽ ഇടുക്കിയിൽ എത്തിച്ചേരാനാകും. ഹൈറേഞ്ചിലെ കാർഷികോത്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും വേഗത്തിൽ കൊച്ചി തുറമുഖത്ത് എത്തിക്കുന്നതിനും വല്ലാർപാടം എൽ.എൻ.ജി ടെർമിനൽ പൂർത്തിയായതോടെ മൂവാറ്റുപുഴ - തേനി ഹൈവേയിലൂടെ ഇടുക്കി ജില്ലയിലേക്കുള്ള ചരക്കുനീക്കവും എളുപ്പത്തിലാക്കാൻ സാധിക്കും. മൂവാറ്റുപുഴ - തേനി ഹൈവേക്ക് 185 കിലോമീറ്റർ ദൂരമാണുള്ളത്. എറണാകുളം ജില്ലയിൽ 15 കിലോമീറ്ററും ഇടുക്കി ജില്ലയിൽ 140 കിലോമീറ്ററും തമിഴ്‌നാട്ടിൽ 30 കിലോമീറ്ററും ഉൾപ്പെടുന്നതാണ് നിർദിഷ്ട മൂവാറ്റുപുഴ-തേനി ഹൈവേ.