കൊച്ചി: തിരുവനന്തപുരം എയർപോർട്ടിലെ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ചീഫ് എയർപോർട്ട് ഓഫീസർ ഗിരി മധുസൂദന റാവു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജീവനക്കാരി ആവശ്യപ്പെട്ട പണം നൽകാത്തതിൽ പക പോക്കാനായി കള്ളക്കേസ് നൽകിയതാണെന്ന് ഹർജിയിൽ പറയുന്നു. റാവു തന്നെ ജനുവരി നാലിന് ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് ജീവനക്കാരിയുടെ ആരോപണം. പരാതിയെത്തുടർന്ന് റാവുവിനെ അദാനി ഗ്രൂപ്പ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പരാതിക്കാരി ആവശ്യപ്പെട്ട ഇരുപതു ലക്ഷം നൽകാനാവില്ലെന്ന് പറഞ്ഞതിനാണ് തനിക്കെതിരെ വ്യാജ പരാതി ഉന്നയിച്ചിരിക്കുന്നതെന്നും ഇവരുമായി ജനുവരി 14 വരെ മാന്യമായ സൗഹൃദം പുലർത്തിയിരുന്നെന്ന് വാട്ട്സ് അപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാണെന്നും ഹർജിയിൽ പറയുന്നു. ജനുവരി 15 നാണ് ജീവനക്കാരി പൊലീസിൽ പരാതി നൽകിയത്.