ആലുവ: വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ മറികടന്ന് കീഴ്മാട് ഗ്രാമപഞ്ചായത്ത് 18 -ാം വാർഡിൽ എടയപ്പുറം പെലക്കുളം പാടശേഖരത്തിൽ രാത്രിയുടെ മറവിൽ നിർമ്മാണം തകൃതി. പാടശേഖരം മണ്ണിട്ട് നികത്താനുള്ള നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച നിരവധി ലോഡ് കരിങ്കല്ല് ഇറക്കിയിരുന്നു. പ്ളോട്ടുകളാക്കി തിരിച്ച് പാടശേഖരം വിൽക്കാനാണ് നീക്കമെന്ന് മനസിലാക്കിയ പ്രദേശവാസികൾ കീഴ്മാട് പഞ്ചായത്ത് - റവന്യു അധികൃതർക്ക് രേഖാമൂലം പരാതി നൽകിയതിനെത്തുടർന്ന് കഴിഞ്ഞ ആറിനാണ് ഭൂവുടമയ്ക്ക് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയത്. ബി.ടി.ആർ പ്രകാരം നിലമായിട്ടുള്ള ഭൂമി പരിവർത്തനം ചെയ്യുന്നത് തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റോപ്പ് മെമ്മോ. എന്നാൽ ഇത് കാര്യമാക്കാതെ കഴിഞ്ഞ ദിവസം രാത്രി കരിങ്കല്ല് ഉപയോഗിച്ച് പ്ളോട്ടുകളാക്കുന്ന ജോലികൾ നടന്നു. താരതമ്മ്യേന ജനവാസം കുറഞ്ഞ മേഖലയായതിനാൽ രാത്രി നിർമ്മാണം നടന്നത് നാട്ടുകാരറിഞ്ഞില്ല. ഇന്നലെ രാവിലെയാണ് നാട്ടുകാർ സംഭവമറിഞ്ഞത്.
പരിസരത്തെ കിണറുകളിലേക്ക് ഉറവ ലഭിക്കുന്ന തുരുത്തിത്തോട് ഉൾപ്പെടെ കടന്നുപോകുന്നത് പെലക്കുളം പാടശേഖരത്തിലൂടെയാണ്. അതിനാൽ പാടശേഖരം സംരക്ഷിച്ചില്ലെങ്കിൽ പരിസരത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടും. വർഷകാലത്ത് പെരിയാറിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് പരിസരം കടുത്ത വെള്ളപ്പൊക്കത്തിലുമാകും. പരാതിക്കാരെ ഭീഷണിപ്പെടുത്താനും ഭൂമാഫിയ ശ്രമിച്ചതായി ആക്ഷേപമുണ്ട്.
വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോയുടെ പകർപ്പ് ഫോർട്ടുകൊച്ചി ആർ.ഡി.ഒ, തഹസിൽദാർ, ആലുവ പൊലീസ് ഇൻസ്‌പെക്ടർ, കീഴ്മാട് കൃഷി ഓഫീസർ, കീഴ്മാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും നൽകിയിരുന്നു.