
കൊച്ചി: ഇനി പിന്നോട്ടില്ല, സൗദാമിനിയും സാക്ഷരതാമിഷനും സഹായിച്ചാൽ പ്ലസ് ടു വരെ പഠിക്കും.
ബാല്യത്തിൽ കൈവിട്ടുപോയ വിദ്യാർത്ഥി ജീവിതം 53 ാം വയസിൽ വീണ്ടെടുത്ത് സാക്ഷരതാ പരീക്ഷയിൽ 100ൽ 100 മാർക്കും വാങ്ങി വിജയിച്ച കീരമ്പാറ സ്വദേശി ടൈബി ജോസഫ് ഉറപ്പിച്ചു കഴിഞ്ഞു.
ചെറുപ്പത്തിൽ പോളിയോ ബാധിച്ച് ഇടതുകാലിന് സ്വാധീനം നഷ്ടപ്പെട്ടതുകാരണം സ്കൂളിൽ പോകാൻ സാധിച്ചില്ല. വളർന്ന് വലുതായി കുടുംബനാഥനായപ്പോഴാണ് വിദ്യാഭ്യാസമില്ലാത്തതിന്റെ കുറവ് നന്നായി അനുഭവപ്പെട്ടത്. സൈക്കിൾ വർക്ക്ഷോപ്പും ലോട്ടറി വില്പനയുമൊക്കെയായി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലും നിരക്ഷരത ഒരു പ്രശ്നമായിരുന്നു. ചിലപ്പോഴൊക്കെ ആളുകളുടെ ചോദ്യത്തിന് പ്ലസ് ടു കാരനാണെന്ന് കള്ളം പറഞ്ഞിട്ടുണ്ട്. കള്ളം പറയേണ്ടിവന്നതിൽ ഉള്ളുതേങ്ങിയാണ് സാക്ഷരതാ ക്ലാസിൽ പോയത്. കോതമംഗലം നാടുകാണി കേന്ദ്രമായി പ്രവർത്തിക്കുന്ന കാരുണ്യ ഭിന്നശേഷി കൂട്ടായ്മയുടെ പ്രോത്സാഹനവും സാക്ഷരതാമിഷൻ പ്രേരക് സൗദാമിനിയുടെ പിന്തുണയും ലഭിച്ചതോടെ പഠിക്കാനുള്ള താത്പര്യം വർദ്ധിച്ചു. സൗദാമിനിയും കൂട്ടായ്മയിലെ അംഗമായ ലീലമ്മയുമായിരുന്നു അദ്ധ്യാപകർ. ഒരുവർഷം കൊണ്ട് അക്ഷരങ്ങൾ മാത്രമല്ല എഴുതാനും വായിക്കാനും നന്നായി പഠിച്ചു. എങ്കിലും പരീക്ഷയിൽ 100 മാർക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. വലിയ വിജയവും ജില്ല പഞ്ചായത്തിന്റെ ആദരവുമൊക്കെ കിട്ടിയ സ്ഥിതിക്ക് തുടർന്ന് പഠിക്കാൻ ഉത്സാഹമുണ്ട്. സാക്ഷരതാമിഷൻ സഹായിച്ചാൽ തുല്യത ക്ലാസിൽ ചേർന്ന് പ്ലസ് ടു വരെ പഠിക്കാനാണ് ടൈബിയുടെ തീരുമാനം. കഴിഞ്ഞ നവംബറിൽ നടന്ന മികവുത്സവം പരീക്ഷയിലാണ് ടൈബി നൂറുമാർക്ക് വാങ്ങി വിജയിച്ചത്.നെല്ലിമറ്റം മില്ലുപടിയിലാണ് ടൈബിയുടെ സൈക്കിൾ വർക്ക്ഷോപ്പ്. ജോലിക്കിടെ തുല്യതക്ലാസിൽ ചേർന്ന് പഠിക്കാനുള്ള സമയം കണ്ടെത്താമെന്നാണ് പ്രതീക്ഷ. ഭാര്യ ബിജിയും മക്കളായ ഇമ്മാനുവലും ശാമുവലും പിന്തുണയുമായി കൂടെയുണ്ട്. ചെറുപ്പത്തിൽ സ്കൂളിൽ പോകാൻ സാധിച്ചില്ലെങ്കിലും സാക്ഷരത പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയതിന് സമ്മാനം കിട്ടിയപ്പോൾ ഒരുപാട് സന്തോഷമായെന്നും ടൈബി പറഞ്ഞു. കഴിഞ്ഞയാഴ്ച ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ടൈബി ജോസഫിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സർട്ടിഫിക്കറ്റും ഉപഹാരവും നൽകി ആദരിച്ചു. ജില്ലയിൽനിന്ന് പത്താംതരം തുല്യത പരീക്ഷ വിജയിച്ചവർക്കും മികവ് ഉത്സവത്തിലെ വിജയികൾക്കുമുള്ള സർട്ടിഫിക്കറ്റുവിതരണ ചടങ്ങിലായിരുന്നു ടൈബിക്ക് പ്രത്യേകമായ ആദരവ് നൽകിയത്.