നെടുമ്പാശേരി: മേയ്ക്കാട്‌വഴി ഓടേണ്ട സ്വകാര്യബസുകൾ റൂട്ടുമാറി ഓടുന്നതായി പരാതി. മാള, കണക്കൻകടവ്, മാഞ്ഞാലി എന്നിവിടങ്ങളിലേക്ക് പോകുന്ന മിക്കവാറും സ്വകാര്യബസുകളുടെ റൂട്ട് മേയ്ക്കാട് വഴിയാണ്. എന്നാൽ തിരക്കൊഴിഞ്ഞ സമയങ്ങളിൽ സ്വകാര്യബസുകൾ ദേശീയ പാതവഴി റൂട്ട് മാറ്റി ഓടുന്നത് പതിവാക്കി.

ഉച്ചസമയങ്ങളിൽ വിദ്യാർത്ഥികളക്കമുള്ള സാധാരണക്കാരായ യാത്രക്കാർ നട്ടം തിരിയുകയാണ്. ഈ റൂട്ടിൽ സ്‌കൂളുകളും വ്യവസായശാലകളുമുള്ള പ്രദേശമായതിനാൽ നൂറുകണക്കിന് യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വാഹനസൗകര്യം തീരെയില്ലാത്ത സ്ഥലങ്ങളിലുള്ളവർ കഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറി ബൈജു കോട്ടയ്ക്കൽ അധികൃതർക്ക് നിവേദനം നൽകി.