kadamakudi-water-plant
കടമക്കുടി പദ്ധതിയുടെ ഭാഗമായി മുപ്പത്തടത്തുള്ള ജലശുദ്ധീകരണപ്ലാന്റ്

കടമക്കുടി: അശാസ്ത്രീയമായി നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ദുരിതം അനുഭവിക്കുകയാണ് കടമക്കുടിക്കാർ. കോടികൾ ചെലവിട്ട് കടമക്കുടി ശുദ്ധജലപദ്ധതി നടപ്പാക്കിയിട്ടും ദ്വീപിലുള്ളവർക്ക് കുടിവെള്ളത്തിനായി ടാങ്കർ വെള്ളമടക്കം ആശ്രയിക്കേണ്ട സ്ഥിതിയാണ്.

ദ്വീപ് സമൂഹത്തോളം പഴക്കമുള്ള ഇവിടത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി 2014 ലാണ് കടമക്കുടി ശുദ്ധജലവിതരണ പദ്ധതി നടപ്പാക്കിയത്. 45ലക്ഷംലിറ്റർ പ്രതിദിന ശേഷിയുള്ള മുപ്പത്തടത്തെ പ്ലാന്റിൽ ശുദ്ധീകരിച്ച വെള്ളം കോതാട്, പിഴല, പാലിയംതുരുത്ത് പ്രദേശങ്ങളിലെ സംഭരണടാങ്കുകളുകളിൽ എത്തിച്ച് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. എന്നാൽ തുടക്കത്തിൽ കടമക്കുടിക്ക് മാത്രമായി വിഭാവനംചെയ്ത പദ്ധതിയിൽ പിന്നീട് വരാപ്പുഴയെക്കൂടി ഉൾപ്പെടുത്തി. 14ലക്ഷംലിറ്റർ വെള്ളം ഇവിടേയ്ക്ക് പങ്കുവച്ചു. എന്നാൽ അതിനനുസരിച്ച് പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ചുമില്ല. മുപ്പത്തടത്തെ പ്ലാന്റിലേക്ക് പെരിയാറിൽനിന്ന് വെള്ളമെത്തിക്കാനുള്ള പ്രത്യേക റോ വാട്ടർ പമ്പ് ഹൗസും നടപ്പായില്ല.

വർദ്ധിച്ച ഉപഭോഗം കണക്കിലെടുത്താൽ ഒരുകോടി ലിറ്ററെങ്കിലും പ്ലാന്റിന് ശേഷി വേണ്ടതാണ്.
മുപ്പത്തടത്തുനിന്ന് കണ്ടെയ്‌നർ റോഡ് പൈപ്പ് ലൈൻ വഴി ദ്വീപുകളിൽ എത്തുന്ന വെള്ളം പിഴലയിലെ ഭൂഗർഭ ടാങ്കിൽ ശേഖരിച്ചാണ് കോതാട്, പിഴല, പാലിയംതുരുത്ത് പ്രദേശങ്ങളിലെ ഓവർഹെഡ് ടാങ്കുകളിലേക്ക് പമ്പുചെയ്യുന്നത്. 10 ലക്ഷം ലിറ്ററാണ് ഓവർഹെഡ് ടാങ്കുകളുടെ ശേഷി. എന്നാൽ ഭൂഗർഭടാങ്കിന്റെ ശേഷി ഒന്നരലക്ഷം ലിറ്റർ മാത്രവും. പൈപ്പ് ലൈനിന്റെ വിന്യാസവും അശാസ്ത്രീയമാണ്.

ആശ്രയം ടാങ്കർവെള്ളം

ഒരു നേരത്തും കൃത്യമായി പൈപ്പുകളിൽ വെള്ളം ലഭിക്കാറില്ല. ദിവസം മുഴുവൻ ടാപ്പുകൾക്ക് മുന്നിലിരുന്നാൽ തന്നെ കുടിക്കാനുള്ള വെള്ളംപോലും കിട്ടില്ല. ടാങ്കർ വെള്ളമാണ് ആശ്രയം.
വീട്ടമ്മ ചേന്നൂർ കളത്തപറമ്പിൽ മേരി.

വിതരണം കാര്യക്ഷമാക്കണം

കടമക്കുടി പദ്ധതിയിൽ നിന്ന് വെള്ളം ലഭിക്കുന്ന വരാപ്പുഴയോടു ചേർന്നുകിടക്കുന്ന ചേന്നൂർ, കാരിക്കാട്ടുതുരുത്ത്, ചറിയംതുരുത്ത്, കണ്ടനാട് പ്രദേശങ്ങളിൽ ഇപ്പോഴും ജലക്ഷാമമുണ്ട്. വേനലിനുമുന്നേ വിതരണത്തിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ സ്ഥിതി മോശമാകും.

മേരി വിൻസന്റ്, പ്രസിഡന്റ് കടമക്കുടി ഗ്രാമപഞ്ചായത്ത്

ഓവർഹെഡ്, ഭൂഗർഭടാങ്കുകൾ നിർമ്മിക്കണം

ചേന്നൂരിൽ വാട്ടർ അതോറിറ്റിയുടെ 3 സെന്റ് സ്ഥലത്തെ ജീർണ്ണാവസ്ഥയിലായ കുടിവെള്ള പദ്ധതിയുടെ ടാങ്കും കിണറുമുണ്ട്. ഇതിനുപകരം 2 ലക്ഷത്തിന്റ ഓവർഹെഡ് ടാങ്കും ഭൂഗർഭടാങ്കും നിർമിച്ചാൽ ഈ പ്രദേശത്തെ വിതരണം കാര്യക്ഷമമാക്കാം.

എം.എസ്. ആന്റണി, വാർഡ് മെമ്പർ, ചേന്നൂർ