കൊച്ചി: വേനൽ കടുക്കും മുമ്പേ തീപിടിത്ത ഭീഷണയുമായി വീണ്ടും ബ്രഹ്മപുരം. പ്ളാന്റ് പരിസരത്തായി ഏക്കറു കണക്കിന് സ്ഥലത്ത് മല പോലെ കൂട്ടിയിട്ടിരിക്കുന്ന പ്ളാസ്റ്റിക് മാലിന്യത്തിന് തീ പിടിക്കുന്നത് എല്ലാ വർഷവും പതിവാണ്. തീനാളങ്ങൾ തത്കാലം കെട്ടടങ്ങിയാലും ചൂടിന് തീവ്രത കൂടുന്ന സാഹചര്യത്തിൽ വീണ്ടും അഗ്‌നിബാധയുണ്ടാകാനുള്ള സാദ്ധ്യത തുടരുന്നു.
2019 ൽ അഞ്ചു തവണയും മുൻ വർഷങ്ങളിൽ ഓരോ പ്രാവശ്യവും മാലിന്യത്തിന് തീപിടിച്ചു. ഈവർഷത്തെ ആദ്യ തീപിടിത്തമാണ് ഇന്നലെ ഉണ്ടായത്. അതീവ സുരക്ഷ മേഖലയായ ബ്രഹ്മപുരം താപ വൈദ്യുതനിലയം, സ്‌മാർട്ട് സിറ്റി, ഇൻഫോപാർക്ക്, ഫാക്ട് തുടങ്ങിയ സ്ഥാപനങ്ങൾ പ്ലാന്റിന്റെ സമീപത്താണെന്നുള്ളത് ആശങ്കയിരട്ടിപ്പിക്കുന്നു. ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്കരണ പ്ളാന്റിന്റെ നടത്തിപ്പ് പുതിയ കമ്പനിയെ ഏല്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ തീ പിടിത്തമുണ്ടായതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ആക്ഷേപമുണ്ട്.
നിർദേശങ്ങൾ പാലിച്ചില്ല
പ്ളാന്റിലെ അഗ്നിബാധ തടയുന്നതിനായി നടപടികൾ സ്വീകരിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കൊച്ചി കോർപ്പറേഷനും ജില്ലാ ഭരണകൂടത്തിനും കർശന നിർദ്ദേശം നൽകിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാന്റിൽ താൽക്കാലിക വാട്ടർ ടാങ്കുകൾ സ്ഥാപിക്കുക, തീ പടരാതിരിക്കാൻ ഫയർലൈനുകൾ ഒരുക്കുക, മാലിന്യ മലയ്ക്ക് ഇടയിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ വഴിയുണ്ടാക്കുക, മാലിന്യത്തിൽ നിന്നൂറി വരുന്ന ജലം സംസ്‌കരിക്കുന്നതിനായി ലീച്ചറ്റ് പ്ലാന്റ് സ്ഥാപിക്കുക, സി.സി.ടി.വി കാമറകൾ വയ്ക്കുക, സുരക്ഷ ശക്തമാക്കുക എന്നിങ്ങനെ നിരവധി നിർദേശങ്ങൾ സൗമിനി ജെയിൻ മേയറായിരുന്ന കാലയളവിൽ നൽകിയെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടായില്ല.പ്ളാന്റിന്റെ പല ഭാഗത്തായി ആറു ക്യാമറകൾ സ്ഥാപിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ എല്ലാം പ്രവർത്തനരഹിതമായി.
 പ്രതിവിധിയായി ബയോമൈനിംഗ്
ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിംഗ് നടത്തി സംസ്‌കരിക്കാനുള്ള കരാർ ബെംഗളൂരു ആസ്ഥാനമായ സോൺറ്റ ഇൻഫ്രാടെക്കിനു കോർപ്പറേഷൻ നൽകിയെങ്കിലും ഇതുവരെ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. മാലിന്യത്തിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കരാറും ഇതേ കമ്പനിക്കാണ്. ബയോമൈനിംഗ് നടത്തി സംസ്‌കരിക്കുന്നതിന് ഘനമീറ്ററിന് 1155 രൂപ നിരക്കിലാണു തുക നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 5.52 ലക്ഷം ഘനമീറ്റർ മാലിന്യം ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്നുണ്ടെന്നാണു കണക്ക്. 54.90 കോടിയാണ് കരാർ തുക.