#പൈപ്പുപൊട്ടൽ തുടർക്കഥ
നെടുമ്പാശേരി: അപകടങ്ങൾ തുടർക്കഥയായ അത്താണി - ചെങ്ങമനാട് റോഡിലെ പുത്തൻതോട് ഗ്യാസ് വളവിൽ വീണ്ടും ദുരന്തങ്ങൾക്ക് വഴിയൊരുക്കി റോഡ് കുത്തിപ്പൊളിച്ചതിനെതിരെ പ്രതിഷേധം. ജലഅതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നിരുത്തരവാദപരമായ സമീപനംകൊണ്ടാണ് വീണ്ടും റോഡ് കുത്തിപ്പൊളിക്കാൻ ഇടയാക്കുന്നതെന്നാണ് ആരോപണം.
ഇടതടവില്ലാതെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് കാലങ്ങളായി കുത്തിപ്പൊളി തുടരുന്നത്. ഇരുവശങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾ കുത്തനെയുള്ള വളവിൽ 'എസ്' രൂപത്തിൽ തിരിയേണ്ട അവസ്ഥയാണ്. ഇവിടെ അതിവേഗം വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ഗ്യാസ് വളവിൽ മൂന്നരഅടിയോളം താഴ്ചയിൽ ചുറ്റുവശങ്ങളിലേക്കും ജലവിതരണത്തിനായി സ്ഥാപിച്ച കാലപ്പഴക്കം ചെന്ന പൈപ്പ് പൊട്ടുന്നതാണ് പ്രധാനപ്രശ്‌നം. പൈപ്പ് പൊട്ടുന്നതും ദിവസങ്ങളോളം വെള്ളം പാഴായി ഒഴുകുന്നതും റോഡ് കുഴിച്ച് പൊട്ടിയഭാഗം കണ്ടെത്തി അറ്റകുറ്റപണി തീർക്കുന്നതും പിന്നീട് ടാറിട്ട റോഡ് മണ്ണും ചരലും ചേർന്ന് മുഴച്ചുനിന്ന് അപകടത്തിന് വഴിയൊരുക്കുകയുമാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്.
അനക്കമില്ലാതെ അധികാരികൾ
ഗ്യാസ് വളവിൽ പൈപ്പ് പൊട്ടുന്നതും അപകടങ്ങളുണ്ടാകുന്നതും ജല അതോറിറ്റി, പി.ഡബ്ള ്യു.ഡി അധികൃതർക്ക് ബോദ്ധ്യമുള്ളതാണെങ്കിലും നിസംഗമമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. ചോർച്ചയുണ്ടാകുമ്പോൾ ശാസ്ത്രീയമായി അറ്റകുറ്റപ്പണി പൂർത്തിയാക്കാതെ താത്കാലിക പരിഹാരമുണ്ടാക്കുന്നതാണ് പ്രശ്‌നം. ടാറിംഗ് പൂർത്തിയാക്കി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് വീണ്ടും റോഡ് കുത്തിപ്പൊളിക്കുന്നത്.
കുപ്പിക്കഴുത്താകൃതിയിലായ ഗ്യാസ് വളവിൽ പഴയ സർവേപ്രകാരം പുറമ്പോക്ക് ഭൂമി വീണ്ടെടുത്തായിരിക്കണം റോഡ് വികസിപ്പിക്കേണ്ടതെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ പാലിച്ചിട്ടില്ല. ഇതിനെതിരെ സമീപവാസികളും സന്നദ്ധ സംഘടനകളും വീണ്ടും ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.
അശാസ്ത്രീയമായി നിരന്തരം റോഡ് കുത്തിപ്പൊളിക്കുന്ന നടപടിയിൽ ചെങ്ങമനാട് നാലാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് രാജി ആൻറണി തേയ്ക്കാനത്ത്, ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ നേതാവ് എം.ടി. സുഭാഷ് എന്നിവർ പ്രതിഷേധിച്ചു.