fire

കളമശേരി: ദേശീയപാതക്കരികിൽ നഗരസഭയുടെ ഏകദേശം മൂന്നര ഏക്കർ വരുന്ന മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തീപിടുത്തം. ഉച്ചയ്ക്ക് മൂന്നു മണിക്കു ശേഷമാണ് മാലിന്യത്തിന് തീപിടിച്ച് ആളിക്കത്തിയത്. ആളപായമില്ല.

മാലിന്യ സംസ്കരണ പ്ലാന്റും കത്തിനശിച്ചതിനാൽ ലക്ഷങ്ങൾക്കു മുകളിൽ വരുമെന്നാണ് കണക്കാക്കുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നായി 20 തോളം ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി അഞ്ചു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കളമശേരി പൊലീസ്, നഗരസഭ ചെയർപേഴ്സൺ, കൗൺസിലർമാർ തുടങ്ങിയവരും സ്ഥലത്തെത്തി. തീ പിടുത്തം ആദ്യം കണ്ടതും ഉടനെ ബന്ധപ്പെട്ടവരെ വിവരമറിയിച്ചതും തൊട്ടടുത്ത ശ്മശാനo ജീവനക്കാരൻ ഷാജിയാണ്.

കടുത്ത തീയും പുകയും വഴിയാത്രക്കാർക്കും തീയണക്കാനെത്തിയവർക്കും സമീപ പ്രദേശങ്ങളിലെ വീടുകൾ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ കഴിയുന്നവർക്കും ശ്വാസം മുട്ടലും അസ്വസ്ഥതയുമുണ്ടാക്കി. കഴിഞ്ഞ വർഷവും ഇതേപോലെ അഗ്നിബാധയുണ്ടാവുകയും മൂന്നു ദിവസത്തോളം തുടർച്ചയായി കത്തിയെരിയുകയും ചെയ്തിരുന്നു. കത്തിയെരിഞ്ഞത് പ്ലാസ്റ്റിക് മാലിന്യങ്ങളായതിനാൽ മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയായേക്കുമെന്ന് അഭിപ്രായമുണ്ട്.