കോതമംഗലം: നവീകരിച്ച കോതമംഗലം കോട്ടപ്പടി റോഡിനോടു ചേർന്നുനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ അപകടഭീഷണിയുയർത്തുന്നു. ഏറെ നാളുകൾക്കുശേഷം ആധുനിക നിലവാരത്തിൽ റീടാറിംഗ്ചെയ്ത റോഡിനിരുവശത്തുമുള്ള പോസ്റ്റുകളാണ് പാരായിരിക്കുന്നത്. ഇതിനോടകം നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. രാത്രികാലങ്ങളിൽ ഒരുദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോളാണ് ടാറിംഗിന് തൊട്ടുചേർന്ന് നിൽക്കുന്ന വൈദ്യുതിപോസ്റ്റിൽ വാഹനങ്ങൾ ഇടിച്ചുമറിയുന്നത്. ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. റോഡ് നന്നാക്കിയതോടെ വാഹനങ്ങൾ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. അടിയന്തരമായി ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കണമെന്നാണ് ആവശ്യം.