പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിൽ ഇളന്തിക്കര- കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിക്കുന്ന മണൽബണ്ട് നിർമ്മാണിന്റെ ആഘ്യഘട്ടം പൂർത്തിയായി. 106 മീറ്ററാണ് ബണ്ടിന്റെ നീളം. പെരിയാറിൽ നിന്ന് ചാലക്കുടിയാറിലേക്ക് ഓരുജലം കയറാതിരിക്കാൻ മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് ബണ്ട് നിർമ്മിച്ചത്.
ഇരുകരകളും തമ്മിൽ കൂട്ടിമുട്ടിക്കാൻ ഒരു മാസത്തോളം സമയമെടുത്തു. മുൻ വർഷങ്ങളിൽ രണ്ടാഴ്ച കൊണ്ട് പൂർത്തിയാക്കുന്ന ജോലിയാണ്. ഇനി ബണ്ടിന്റെ ഉയരം കൂട്ടുന്ന പ്രവർത്തനങ്ങളാണ് നടത്തുക. കോഴിത്തുരുത്ത് പാലത്തിലെ സ്ലൂയിസുകളിൽ മണൽചാക്കും നിറക്കണം. എങ്കിലേ ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നത് പൂർണമായി തടയാനാകൂ. കണക്കൻകടവിൽ നിർമിച്ച റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകളുടെ ചോർച്ച കാരണമാണ് വർഷംതോറും മണൽബണ്ട് നിർമ്മിക്കേണ്ടിവരുന്നത്.