പെരുമ്പാവൂർ: വിനോദസഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിച്ച് ഒക്കൽ തുരുത്തിന് ബോട്ട് കൈമാറി. 2 റോഡുകളും ഉദ്ഘാടനം ചെയ്തു. നാലുവശവും പെരിയാറിനാൽ ചുറ്റപ്പെട്ടതാണ് ഒക്കൽ തുരുത്ത്. ഒക്കൽ പഞ്ചായത്ത് വാങ്ങി നൽകിയ ഫൈബർബോട്ട് ബെന്നി ബഹനാൻ എം.പി ഒക്കൽ തുരുത്ത് വികസനസമിതിക്ക് കൈമാറി. ഫൈബർബോട്ട് കൈമാറ്റ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ.സിന്ധു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, മനോജ് മൂത്തേടൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ സി.ജെ. ബാബു, ഒക്കൽ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ മിനി സാജൻ, സാബു മൂലൻ, സോളി ബെന്നി, വാർഡ് അംഗം അമൃത സജിൻ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് അംഗം അമൃത സജിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ കൂട്ടായ്മയിൽ 12 അടി വീതിയിൽ നിർമ്മിച്ച ഒരു കിലോമീറ്ററിലധികം ദൂരമുള്ള ഒക്കൽ തുരുത്ത് - ഗുരുദേവക്ഷേത്രം റോഡ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.

അരകിലോമീറ്ററിലധികം ദൂരമുള്ള ഒക്കൽ തുരുത്ത് - പുഴയോരപാത കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽപോൾ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞദിവസം തുരുത്ത് തീരത്ത് കയർഭൂവസ്ത്രം വിരിച്ചു. പച്ചത്തുരുത്ത് പദ്ധതി പ്രകാരം ഓടക്കാലി സുഗന്ധതൈല ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് രാമച്ചം നട്ടുപിടിപ്പിക്കുന്ന ജോലിയും ആരംഭിച്ചു.