കുറുപ്പംപടി: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ഒക്കൽ കൃഷിഭവൻ ഇക്കൊല്ലം സ്‌മാർട്ട്‌ കൃഷി ഭവനാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ പറഞ്ഞു. ഇക്കോഷോപ്പ്, ബയോഫാർമസി, അടിസ്ഥാനസൗകര്യ വികസന ഉപദേശക ഇടങ്ങൾ, അഗ്രോ സർവീസ് സെന്റർ എന്നിവ ഇതിന്റെ ഭാഗമാകും. ഇ - ഓഫീസാണ്‌ വിഭാവനം ചെയ്യുന്നത്.

സ്‌മാർട്ട്‌ കൃഷിഭവനുകളിൽ കോൾ സെന്ററും ഉന്നതതല പരിശീലന സംവിധാനങ്ങളുമുണ്ടാകും. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനാവശ്യമായ പദ്ധതി തയ്യാറാക്കും. നടീൽവസ്തുക്കൾ ഉറപ്പാക്കും. കർഷകന്‌ തിരിച്ചറിയൽ കാർഡും സ്മാർട്ട് കാർഡും ലഭ്യമാക്കും. ഒക്കൽ കൃഷിഭവന് പുതിയ കെട്ടിടസമൂച്ചയംകൂടി ആകുന്നതോടൊപ്പം കർഷകർക്കുള്ള സേവനങ്ങൾ കൂടുതൽ ആളുകളിൽ എത്തിക്കാൻ സാധിക്കുമെന്ന് എം.എൽ.എ അറിയിച്ചു.